09 May 2024 Thursday

ചൈനയില്‍ H9N2 പനി; സൂക്ഷ്മ നിരീക്ഷണം ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ckmnews


ചൈനയിലെ എച്ച്9എന്‍2 പനി വ്യാപകം പശ്ചാത്തലത്തില്‍ രാജ്യത്ത് സുക്ഷ്മ നിരീക്ഷണം ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏതുതരത്തിലുള്ള അടിയന്തര സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്രആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കുട്ടികളില്‍ ശ്വാസകോശ സംബന്ധമായാണ് ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ അപകട സാധ്യത കുറവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചൈനയിലെ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശരോഗം വ്യാപിക്കുന്ന റിപ്പോര്‍ട്ടുകള്‍ കുത്തനെ ഉയരുന്നതായി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരാനും ഗുരുതരസാഹചര്യങ്ങളുണ്ടാകാനുള്ള സാഹചര്യവും കുറവാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ടെന്നും നിരീക്ഷണം ശക്തമാക്കിയതായും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കോവിഡ് മഹാമാരിക്കുശേഷം ആരോഗ്യ സംവിധാനം കാര്യമായി ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


രോഗം ചൈനയിലെ കുട്ടികള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആശുപത്രികള്‍ കുട്ടികളെക്കൊണ്ടു നിറയുകയാണെന്നും സ്‌കൂളുകള്‍ അടച്ചുതുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനു പിന്നാലെയാണ് ശ്വാസകോശരോഗങ്ങളുടെ കാര്യത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നതെന്നാണ് ചൈനയിലെ അധികൃതര്‍ നല്‍കുന്ന വിശദീകരണം. രോഗം കൂടുതല്‍ പടരുന്നത് തടയാന്‍ അവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.