09 May 2024 Thursday

ഉത്തരാഖണ്ഡിലെ തുരങ്ക അപകടം: തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം മൂന്ന് ദിവസം കൂടി നീണ്ടേക്കും

ckmnews


ചാർ ഥാം റൂട്ടിലെ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് ഉള്ളിൽ അകപ്പെട്ട 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം വ്യാഴാഴ്‌ചയോടെ അഞ്ചാം ദിവസത്തിലേക്ക് കടന്നു. പൈപ്പുകൾ വഴി ഓക്സിജൻ, വൈദ്യുതി, മരുന്നുകൾ ആഹാരം, വെള്ളം തുടങ്ങി സുരക്ഷിതമായി തുടരാൻ ആവശ്യമായതെല്ലാം ഇവർക്ക് എത്തിച്ചു നൽകുന്നുണ്ട്. നവംബർ 12 നാണ് ഇവർ തുരങ്കത്തിനുള്ളിൽ അകപ്പെട്ടത്. “നവംബർ 12 മുതൽ തന്നെ എത്രയും വേഗം 40 പേരെയും പുറത്തെത്തിക്കാനുള്ള നടപടികൾ നടത്തി വരുന്നുണ്ട്, രക്ഷാ പ്രവർത്തനത്തിന് രണ്ട് മൂന്ന് ദിവസങ്ങൾ കൂടി വേണ്ടി വന്നേക്കാം” കേന്ദ്ര മന്ത്രി വി.കെ സിംഗ് പറഞ്ഞു.


“വളരെ വേഗം രക്ഷാപ്രവർത്തനം പൂർത്തിയാക്കി എല്ലാവരെയും പുറത്തെത്തിക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷെ അവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെ ഉണ്ടാകാൻ സാധ്യതയുള്ള പ്രതിബന്ധങ്ങളെക്കൂടി മുന്നിൽ കണ്ട് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ. തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളോട് ഞാൻ സംസാരിച്ചു. അവർ ധൈര്യത്തോടെയാണ് ഇരിക്കുന്നത്. അവർ സുരക്ഷിതരായി തന്നെ തുടരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനം നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗതാഗത മന്ത്രി വി.കെ സിംഗ്. സ്ഥലത്തിന്റെ ഭൂമിശാസ്ത്ര വിവരങ്ങൾ അനുസരിച്ച് നാല് നാലര വർഷത്തോളം ഇവിടം സ്ഥിരതയുള്ള പ്രദേശം തന്നെ ആയിരുന്നു. പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒരു അപകടം സംഭവിച്ചു. ഇവിടുത്തെ മലനിരകൾ കാലപ്പഴക്കം കുറഞ്ഞതും ദുർബലവുമാണെന്നും അദ്ദേഹം പറഞ്ഞു.


അപകടവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ


1. സംസ്ഥാനത്തെ മുഴുവൻ തുരങ്കങ്ങളിലും ഉടൻ തന്നെ പരിശോധന ഉണ്ടാകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു.12000 കോടിയുടെ ചാർ ഥാം പ്രൊജക്ടിന്റെ ഭാഗമായി ഇനിയും തുരങ്കങ്ങൾ നിർമ്മിക്കേണ്ടതുണ്ട്. ഇപ്പോൾ മണ്ണിടിച്ചിൽ മുഖേന അപകടം സംഭവിച്ച സ്ഥലം പ്രോജക്ടിന്റെ ഒരു പ്രധാന ഭാഗമായിരുന്നു.


2. പുറത്ത് എത്തിച്ചാൽ ഉടൻ തന്നെ ആവശ്യമായ മെഡിക്കൽ ട്രീറ്റ്മെന്റുകൾ ഇവർക്ക് നൽകണം. ചിലപ്പോൾ ചിലർക്ക് പാനിക് അറ്റാക്ക് ഉൾപ്പെടെ ഉണ്ടാകാൻ ഉള്ള സാധ്യതയുണ്ട്, ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടർ അജയ് അഗർവാൾ പറഞ്ഞു.


3. ഐഎഎഫിന്റെ ഡ്രില്ലിങ്‌ മെഷീൻ ഉപയോഗിച്ച് മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് വരുന്നു.


4. തുരങ്കത്തിൽ നിന്നും പുറത്തേക്ക് ഒരു വഴി സൃഷ്ടിക്കാൻ ഉപയോഗിച്ച് വന്ന മെഷീൻ കേടായതിനെ തുടർന്ന് ഐഎഎഫിന്റെ സഹായത്തോടെ ഒരു അമേരിക്കൻ ഓഗർ മെഷീൻ എത്തിച്ചു.


5. ആദ്യത്തെ ഡ്രില്ലിംഗ് മെഷീൻ സാങ്കേതിക പ്രശ്നങ്ങൾ നേരിടുകയും അവശിഷ്ടങ്ങൾ തുരങ്കത്തിലേക്ക് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


6. 10 ഓളം ആംബുലൻസുകളും ഡോക്ടർമാരും ഉടൻ ചികിത്സ നൽകുന്നതിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്.


7. ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ്സ് പ്രവർത്തകനായ ശ്രീ തനേദർ വിഷയത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റിനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.