09 May 2024 Thursday

മധ്യപ്രദേശില്‍ ഇന്ന് കൊട്ടിക്കലാശം; പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണത്തിനിറങ്ങും; വെള്ളിയാഴ്ച ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്

ckmnews


മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. അവസാന മണിക്കൂറുകളില്‍ വാശിയേറിയ പ്രചരണമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. രണ്ടു പാര്‍ട്ടികളുടെയും പ്രധാന നേതാക്കള്‍ എല്ലാം പ്രചരണത്തിനായി സംസ്ഥാനത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ സര്‍വ്വേകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തിയുള്ള പ്രചരണത്തിലൂടെ ഇതിനെ മറികടക്കാന്‍ കഴിഞ്ഞു എന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇന്നു വൈകിട്ട് അഞ്ചുമണിക്ക് പരസ്യപ്രചരണം അവസാനിക്കും. വെള്ളിയാഴ്ച ജനങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ എത്തും.

മധ്യപ്രദേശിലെ ജനങ്ങള്‍ ബിജെപി ഭരണത്തില്‍ അസ്വസ്ഥരാണെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ ഇത്തവണ പോരാട്ടം നടക്കുന്നത് ജനങ്ങളും ബിജെപിയും തമ്മിലാണെന്ന് കമല്‍ നാഥ് പറയുന്നു. ബിജെപി ഭരണത്തിന്റെ കീഴില്‍ ജനങ്ങള്‍ ഒട്ടേറെ അനുഭവിച്ചു. ഇനി സത്യത്തിന് വേണ്ടി ജനങ്ങള്‍ വോട്ടുചെയ്യുമെന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി, അമിത് ഷാ, ജെ പി നദ്ദ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, യോഗി ആദിത്യനാഥ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരുടെയെല്ലാം സാന്നിധ്യം മധ്യപ്രദേശ് തെരഞ്ഞടുപ്പ് പ്രചരണത്തിലുണ്ടായിരുന്നു. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നവംബര്‍ 17 ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മധ്യപ്രദേശില്‍ പ്രധാനമായും പോരാട്ടം നടക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുമുണ്ട്.