09 May 2024 Thursday

വിദേശ ഭക്ഷ്യഎണ്ണയുടെ ഒഴുക്ക് റെക്കോർഡിലേക്ക്; കേര കര്‍ഷകർ ആശങ്കയിൽ

ckmnews

കേരകര്‍ഷകരെ ഭീതിയിലാഴ്ത്തി രാജ്യത്തേക്കുള്ള ഭക്ഷ്യഎണ്ണയുടെ ഒഴുക്ക് തുടരുന്നു.2023 ഒക്ടോബറിൽ അവസാനിച്ച സീസണിൽ (നവംബർ-ഒക്ടോബർ) ഇന്ത്യയിലേയ്ക്കുള്ള സസ്യ എണ്ണകളുടെ ഇറക്കുമതി 16% ഉയർന്ന് 167.1 ലക്ഷം ടണ്ണായി.  2021-22  വർഷത്തിൽ  രാജ്യം 144.1 ലക്ഷം ടൺ സസ്യ എണ്ണയാണ് ഇറക്കുമതി ചെയ്തത്.   ലോകത്ത് ഏറ്റവും കൂടുതൽ സസ്യ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. 2022-23 എണ്ണ വർഷത്തിൽ മൊത്തം സസ്യ എണ്ണകളിൽ ഭൂരിഭാഗവും( 164.7 ലക്ഷം ടൺ) ഭക്ഷ്യാവശ്യത്തിനുള്ള എണ്ണകളാണ്, ഭക്ഷ്യേതര എണ്ണകൾ 2.4 ലക്ഷം ടൺ മാത്രമായിരുന്നു.

ക്രൂഡ് പാം ഓയിൽ, സോയാബീൻ ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയുടെ ഇറക്കുമതി തീരുവ ഇളവ് ഏർപ്പെടുത്തിയതാണ് ഇറക്കുമതി ഉയരാനുള്ള കാരണം  . കഴിഞ്ഞ വർഷമാണ്   ഇറക്കുമതി തീരുവ കേന്ദ്രം എടുത്തുകളഞ്ഞത്. 20 ലക്ഷം മെട്രിക് ടണ്‍ വരെയുള്ള ഇറക്കുമതിക്ക് രണ്ടു വര്‍ഷത്തേക്കാണ് തീരുവ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.  2024 മാര്‍ച്ച് 31വരെ  ഇളവ് തുടരും. 2022-23 ൽ 1.38 ലക്ഷം കോടി രൂപയുടെ ഭക്ഷ്യ എണ്ണയാണ് ഇറക്കുമതി ചെയ്തത്.  2021-22 ൽ ഇത് 1.57 ലക്ഷം കോടി രൂപയുടേതായിരുന്നു.

2022-23 എണ്ണ വർഷത്തിൽ എണ്ണപ്പന ഉൽപന്നങ്ങളുടെ മൊത്തം ഇറക്കുമതി  കുത്തനെ വർധിച്ചു.   ഇതോടെ  പാം ഓയിലിന്റെ വിപണി വിഹിതം 56 ശതമാനത്തിൽ നിന്ന് 59 ശതമാനമായി ഉയർന്നു. സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി 2022-23 എണ്ണ വർഷത്തിൽ 30 ലക്ഷം ടണ്ണായി വർദ്ധിച്ചു . ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് പാം ഓയിൽ ഇറക്കുമതി ചെയ്യുന്നത്.  അർജന്റീനയിൽ നിന്ന് സോയാബീൻ ഓയിലും, ഉക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു.