09 May 2024 Thursday

ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രി ഉടൻ ഒഴിയണമെന്ന് ഇസ്രയേൽ; ആശുപത്രിയിലുള്ളത് 400 രോഗികളും, 12,000 അഭയാർത്ഥികളും

ckmnews

ഗാസ: ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രിയില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പലസ്തീനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി. 400ഓളം ഗുരുതര രോഗികളും അഭയം തേടിയെത്തിയ 12,000 സാധാരണക്കാരും നിലവില്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. എല്ലാവരും ഉടന്‍ ഒഴിയണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടതെന്ന് റെഡ് ക്രസന്റ് പ്രതിനിധി പറഞ്ഞു. അല്‍ അഹ്ലി ആശുപത്രിയില്‍ സംഭവിച്ചത് പോലൊരു കൂട്ടക്കൊല തടയാന്‍ ഉടനടി അടിയന്തര നടപടി സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അന്താരാഷ്ട്ര സമൂഹത്തോടായി റെഡ് ക്രസന്റ് പറഞ്ഞു. 

കഴിഞ്ഞദിവസം ഗാസയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. 

പള്ളിയില്‍ അഭയം തേടിയ നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പലരെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ചിലര്‍ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും എപി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇസ്രയേലിന് നേരെ റോക്കറ്റുകള്‍ വിക്ഷേപിക്കുന്ന കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന് നേരെയായിരുന്നു ആക്രമണം എന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതികരണം. അതിനിടെ പ്രദേശത്തെ ഒരു പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും എത്രത്തോളം അത്യാഹിതമുണ്ടായി എന്നത് പരിശോധിക്കുകയാണെന്നും സൈനികോദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.  

'കഴിഞ്ഞ 13 ദിവസമായി ജനവാസ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ എല്ലാം നഷ്ടമായ നിരപരാധികളായ പൗരന്മാരെ, പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കാനാണ് പള്ളി ശ്രമിച്ചത്. ഈ നടന്നത് അവഗണിക്കാന്‍ കഴിയാത്ത യുദ്ധക്കുറ്റമാണ്.'-ആക്രമണത്തെക്കുറിച്ച് പള്ളിയിലെ വൈദികര്‍ പറഞ്ഞു.