09 May 2024 Thursday

“ട്രാൻസ്‌ജെൻഡർ ഒരു ജാതിയല്ല”: പ്രത്യേക ജാതിയായി പരിഗണിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ckmnews



ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ജാതി സെൻസസ് പ്രക്രിയയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ട്രാൻസ്‌ജെൻഡറുകൾക്കായി ബിഹാർ സർക്കാർ പ്രത്യേക കോളം നൽകിയിട്ടുണ്ടെന്നും അതിനാൽ അവരുടെ വിവരങ്ങൾ സംസ്ഥാനത്തിന് ലഭ്യമാകുമെന്നും ഹർജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. ട്രാൻസ്‌ജെൻഡർ ഒരു ജാതിയല്ല. ഇപ്പോൾ 3 കോളങ്ങളുണ്ട് – പുരുഷൻ, സ്ത്രീ, ട്രാൻസ്‌ജെൻഡർ. അതിനാൽ ഡാറ്റ ലഭ്യമാകും – ബെഞ്ച് പറഞ്ഞു.


മൂന്നാം ലിംഗമെന്ന നിലയിൽ ചില ആനുകൂല്യങ്ങൾ നൽകാമെന്നും എന്നാൽ പ്രത്യേക ജാതി എന്ന നിലയിൽ നൽകരുതെന്നും സുപ്രീം കോടതി പറഞ്ഞു. ‘ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. അത് സാധ്യമാകണമെന്നില്ല. അവരെ പ്രത്യേകം പരിഗണിക്കുകയും ചില ആനുകൂല്യങ്ങൾ നൽകുകയും ചെയ്യാം, പക്ഷേ ജാതി എന്ന നിലയിൽ ആവരുത്. കാരണം ട്രാൻസ്‌ജെൻഡർ വിഭാഗം ഓരോ ജാതിയിൽ പെട്ടവരാണ്’- ബെഞ്ച് നിരീക്ഷിച്ചു.


നേരത്തെ, ട്രാൻസ്‌ജെൻഡറുകൾ ഒരു ജാതിയല്ലെന്ന് ചൂണ്ടിക്കാട്ടി പട്‌ന ഹൈക്കോടതിയും കേസ് കേൾക്കാൻ വിസമ്മതിച്ചിരുന്നു. സുപ്രീം കോടതിയിൽ ട്രാൻസ്‌ജെൻഡേഴ്സിന്റെ ഹർജി തള്ളിയത് നിതീഷ് സർക്കാരിന് വലിയ ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.