09 May 2024 Thursday

ലാപ്‌ടോപ്പ് ഇറക്കുമതി നിയന്ത്രണം പിൻവലിക്കും

ckmnews

ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള ചില ഗാഡ്ജെറ്റുകളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറുന്നു.ലാപ്ടോപ്പ് വ്യവസായ രംഗത്തുനിന്നും യു.എസ്. ഉള്‍ നിന്നുമുണ്ടായ വിമര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം മാറ്റുന്നത്. ലാപ്‌ടോപ്പ് ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്‌വാള്‍ അറിയിച്ചു. ഇറക്കുമതിക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് മാത്രമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


വിശ്വസനീയമായ ഹാര്‍ഡ്‌വെയറും സിസ്റ്റങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗസ്റ്റ് 3-ന് ഇറക്കുമതി ലൈസൻസിംഗ് സംവിധാനം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറ‌ഞ്ഞു.എന്നാല്‍ പ്രമുഖ കമ്ബനികളില്‍നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം നടപ്പിലാക്കുന്നത് മൂന്ന് മാസം നീട്ടിവച്ചു. ഡെല്‍, എച്ച്‌പി, ആപ്പിള്‍, സാംസങ്, ലെനോവോ തുടങ്ങിയ കമ്ബനികള്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.


അതേസമയം സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്തി വരികയാണെന്നും ലാപ്‌ടോപ്പ് ഇറക്കുമതി സംബന്ധിച്ച പുതിയ ഉത്തരവ് ഒക്ടോബര്‍ അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഒഫ് ഫോറിൻ ട്രേഡ് സന്തോഷ് കുമാര്‍ സാരംഗി പറഞ്ഞു.