09 May 2024 Thursday

സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; 53 പേർ മരിച്ചു; 7 പേർ സൈനികർ

ckmnews


സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഏഴ് സൈനികര്‍ ഉള്‍പ്പെടെ 53 പേര്‍ മരിച്ചത്, ടീസ്റ്റ നദീതടത്തില്‍ നിന്ന് 27 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതില്‍ ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായ 142 പേര്‍ക്കായി ആര്‍മിയുടേയും എന്‍ഡിആര്‍എഫിന്റേയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. വടക്കന്‍ സിക്കിമിലേക്കുള്ള ആശയവിനിമയം പൂര്‍ണമായും തടസപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

25000 ത്തോളം ആളുകളാണ് പ്രളയ ദുരിതം അനുഭവിക്കുന്നത്. വിവിധ ഭാഗങ്ങളിലായി 13 പാലങ്ങള്‍ ഒലിച്ചു പോയി. 2413 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായാണ് ഔദ്യോഗിക വിവരം. 6,875 പേരെ ഇതുവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍ച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 22 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.


കൂടുതൽ കേന്ദ്രസേന അടക്കം സംസ്ഥാനത്തേക്ക് എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന 14 പേരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്. ഇതിനായി ദേശീയ ദുരന്ത നിവാരണ സേന ഇവിടെ എത്തിയിട്ടുണ്ട്. സിക്കിമിൽ ദുരന്തമുണ്ടായ മേഖലകളിൽ മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടിയിട്ടുണ്ട്.


വടക്കൻ സിക്കിമിലെ സാക്കോ ചോ തടാക തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. തടാകത്തിൽ നിന്ന് വെള്ളപ്പാച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം.സിക്കിമിലെ സ്കൂളുകളും കോളജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു. ബംഗാളിലും പ്രളയക്കെടുതി തുടരുകയാണ്.