09 May 2024 Thursday

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി കെട്ടി തൂക്കിയ നിലയിൽ കൊലപാതകത്തിൽ നടുങ്ങി തലസ്ഥാനം:പോലീസ് അന്വേഷണം തുടങ്ങി

ckmnews



ന്യൂഡൽഹി`:പൊതുപ്രവർത്തകനും ബിസിനസുകാരനുമായ മലയാളിയുടെ കൊലപാതകത്തിൽ നടുങ്ങി ഡൽഹിയിലെ മലയാളികൾ. ദ്വാരക എസ്എൻഡിപി ശാഖാ സെക്രട്ടറി കൂടിയായ പി.പി. സുജാതന്റെ (60) കൊലപാതകം കവർച്ച ലക്ഷ്യമിട്ടാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഡൽഹി പൊലീസിലെ ക്രൈംബ്രാഞ്ചാണ് സംഭവം അന്വേഷിക്കുന്നത്. സംശയിക്കുന്ന ചിലരുടെ ഫോട്ടോകൾ പൊലീസ് ബന്ധുക്കളെ കാണിച്ചെങ്കിലും സൂചനകൾ ലഭിച്ചിട്ടില്ല. 


40 വർഷമായി ഡൽഹിയിൽ താമസിക്കുന്ന സുജാതൻ മുൻപ് ഹോട്ടൽ നടത്തിയിരുന്നു. പിന്നീടാണ് അടുക്കള ഉപകരണങ്ങളുടെ ബിസിനസിലേക്ക് മാറിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ അത്താഴം കഴിച്ച ശേഷമാണ് ജയ്പുരിലേക്ക് പുറപ്പെട്ടതെന്നു ബന്ധുക്കൾ പറയുന്നു. ബസിൽ ജയ്പുരിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ വീട്ടിൽ നിന്നിറങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ സുജാതൻ അക്രമികളുടെ പിടിയിൽ അകപ്പെട്ടിരിക്കാം എന്നാണു പ്രാഥമിക സൂചന. വീടിനു സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന്റെ അടുത്തുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തിയത്. 


രാവിലെ നടക്കാനിറങ്ങിയവരാണ് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലുള്ള മൃതദേഹത്തിൽ കഴുത്തിലും കയ്യിലും ഉൾപ്പെടെ ഒട്ടേറെ മുറിവുകളുണ്ടായിരുന്നു. സുജാതൻ ധരിച്ചിരുന്ന ഷർട്ട് പിരിച്ച് കയറുപോലെയാക്കിയാണ് കൊലയാളികൾ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടിൽ നിന്നു പോയ ശേഷം മൊബൈലിൽ വിളിച്ചിരുന്നില്ല. ഇന്നലെ മൃതദേഹം കണ്ടതിനു ശേഷം സുജാതന്റെ മൊബൈലിൽ പൊലീസ് വിളിച്ചപ്പോൾ സ്വിച്ച് ഓഫാണ്. സുജാതന്റെ ബാഗ് സമീപത്തു നിന്നു കണ്ടെത്തി. ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്നോ നാളെയോ പോസ്റ്റ്മോർട്ടം നടത്തും. 


എസ്എൻഡിപി ഉൾപ്പെടെ ഒട്ടേറെ മലയാളി സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന സുജാതനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് ഡൽഹിയിലെ മലയാളി സമൂഹം.