09 May 2024 Thursday

ആഗോളവിപണിയില്‍ എണ്ണവിലയില്‍ വൻകുതിപ്പ്

ckmnews

ആഗോളവിപണിയില്‍ എണ്ണവിലയില്‍ വൻകുതിപ്പ്. വിലയില്‍ മൂന്ന് ശതമാനം വര്‍ധനയാണ് ഇന്നു മാത്രം രേഖപ്പെടുത്തിയത്. ഉല്‍പാദനം വെട്ടിക്കുറച്ച നടപടി പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ പുന:പരിശോധിക്കാൻ തയാറായില്ലെങ്കില്‍ വില റിക്കാര്‍ഡ് നിരക്കിലേക്ക് ഉയരും.അസംസ്‌കൃത എണ്ണവില ബാരലിന് ഏതാണ്ട് 98 ഡോളറിലേക്കാണ് ഉയര്‍ന്നത്. 2022 ആഗസ്റ്റിനിപ്പുറം വിപണിയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് കൂടിയാണിത്. ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ ലഭ്യത കുറഞ്ഞതാണ് നിരക്ക് കുത്തനെ ഉയരാൻ പ്രധാന കാരണം. നടപ്പുവര്‍ഷം ജൂണ്‍ വരെ 70 ഡോളറിനു ചുവടെയായിരുന്നു ബാരലിന് എണ്ണവില.


എന്നാല്‍ പിന്നീട് നിരക്ക് കുത്തനെ ഉയരുന്ന പ്രവണത പ്രകടമായി. ഒപെകിന്റെ ഉല്‍പാദന നയവും സാമ്ബത്തിക വളര്‍ച്ച തിരിച്ചുപിടിക്കാൻ ചൈന സ്വീകരിച്ച പുതിയ നടപടികളും എണ്ണവില ഉയരാൻ കാരണമാണ്. ബാരലിന് നൂറ് ഡോളറും മറികടന്ന് എണ്ണവില മുന്നോട്ടു പോയാല്‍ ഇന്ത്യ ഉള്‍പ്പെടെ ഇറക്കുമതി രാജ്യങ്ങള്‍ക്ക് അത് വൻ തിരിച്ചടിയാകും. ബദല്‍ ഇന്ധനങ്ങള്‍വികസിപ്പിച്ചും കരുതല്‍ എണ്ണ പുറത്തെടുത്തും പ്രതിസന്ധി മറികടക്കാനുള്ള അമേരിക്കൻ നീക്കവും പാളിയിരിക്കുകയാണ്.