09 May 2024 Thursday

വന്ദേഭാരതിൽ സഞ്ചരിച്ചത് 1.11 കോടി ജനം:മുൻ സർക്കാരുകൾ വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നത് ദൗർഭാഗ്യകരം:പ്രധാനമന്ത്രി

ckmnews

വന്ദേഭാരതിൽ സഞ്ചരിച്ചത് 1.11 കോടി ജനം:മുൻ സർക്കാരുകൾ വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നത് ദൗർഭാഗ്യകരം:പ്രധാനമന്ത്രി


ന്യൂഡൽഹി ∙ ഇന്ത്യൻ റെയിൽവേയുടെ നവീകരണത്തിന് മുൻസർക്കാരുകൾ വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നത് ദൗർഭാഗ്യകരമാണെന്നും ഇപ്പോഴത്തെ സർക്കാർ നവീകരണങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 11 സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര–തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള 9 വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.


രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കർണാടക, ബിഹാർ, ബംഗാൾ, കേരളം, ഒഡിഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചത്. ‘‘വേഗത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം 140 കോടി വരുന്ന ഇന്ത്യൻ ജനതയുടെ ആഗ്രഹ പൂർത്തീകരണം കൂടിയാണ്. വന്ദേഭാരത് ട്രെയിനുകളുടെ ജനപ്രീതി ദിനംപ്രതി വർധിക്കുന്നു. 1.11 കോടി ജനങ്ങൾ ഇതിനോടകം തന്നെ വന്ദേഭാരതിൽ യാത്ര ചെയ്തു.’’– പ്രധാനമന്ത്രി പറഞ്ഞു


നിലവിൽ 25 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്തുള്ളത്. പുതിയ 9 ട്രെയിനുകൾ കൂടി ട്രാക്കിലിറങ്ങി. രാജ്യത്തെല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകൾ എത്തുന്ന ദിനം വിദൂരമല്ലെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ‘‘ഇന്ത്യയിലെ ദരിദ്രരുടെയും മധ്യവർഗത്തിന്റെയും ഏറ്റവും വിശ്വസ്ത സഹയാത്രികനാണ് റെയിൽവേ. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ദിനം പ്രതി നിരവധിപേരാണ് റെയിൽവേയെ ആശ്രയിക്കുന്നത്.’’– മോദി പറഞ്ഞു. 


‘‘ചന്ദ്രയാൻ–3ന്റെ വിജയത്തോടെ സാക്ഷാത്കരിച്ചത് സാധാരണക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വൈവിധ്യങ്ങളുടെയും ശക്തിയാണ് ജി–20 വിജയം.’’– മോദി ചൂണ്ടിക്കാട്ടി. ഉദയ്പുർ–ജയ്പുർ, തിരുനെൽവേലി–മധുര–ചെന്നൈ, ഹൈദരാബാദ്–ബെംഗളൂരു, വിജയവാഡ–ചെന്നൈ, പട്ന–ഹൗറ, കാസർകോട്–തിരുവനന്തപുരം. റൂർഖല–ഭുവനേശ്വർ–പുരി, റാഞ്ചി–ഹൗറ, ജമുനാഗർ–അഹമ്മദാബാദ് എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ. രാജ്യന്തര നിലവാരത്തിലേക്ക് ഇന്ത്യൻ റെയിൽവേയെ ഉയർത്തുക എന്നതാണ് കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ട്രാക്കിലെത്തിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.