09 May 2024 Thursday

വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ; പാര്‍ലമെന്റിൽ അവതരിപ്പിക്കും

ckmnews

വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ; പാര്‍ലമെന്റിൽ അവതരിപ്പിക്കും


ന്യൂഡല്‍ഹി ∙ വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു (33 ശതമാനം) സംവരണം ഉറപ്പാക്കുന്നതാണു ബിൽ. 2010 മാർച്ചിൽ രാജ്യസഭ ബിൽ പാസാക്കിയിരുന്നു. ‘ചരിത്രപരമായ തീരുമാനങ്ങൾ’ ഉണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിലാണു നിർണായക നീക്കം.


മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെ അറിയിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. അതിനാൽ വനിതാ സംവരണ ബിൽ അടക്കമുള്ള കാര്യങ്ങളിലെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ലെന്നു ദേശീയ മാധ്യമങ്ങൾ പറയുന്നു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നു സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു


ദേവെഗൗഡ സർക്കാരിന്റെ കാലത്ത്, 1996 സെപ്റ്റംബർ 12നാണു വനിതാസംവരണ ബിൽ ആദ്യം ലോക്സഭ പരിഗണിച്ചത്. പിന്നീടു വാജ്പേയി സർക്കാരിന്റെ കാലത്തും അവതരിപ്പിച്ചെങ്കിലും അഭിപ്രായ ഐക്യം സാധ്യമായില്ല. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതിനുള്ള ബിൽ‍ കൊണ്ടുവരണമെന്നു സർവകക്ഷിയോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെ ഒട്ടുമിക്ക പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.


രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്, 2010 മാർച്ച് 9നു വനിതാസംവരണ ബിൽ രാജ്യസഭ പാസാക്കി. സമാജ്‌വാദി പാർട്ടിയുടെയും ആർജെഡിയുടെയും എതിർപ്പുണ്ടായതിനാൽ ബിൽ‍ ലോക്സഭയിലെത്തിയില്ല. വനിതാസംവരണത്തിൽത്തന്നെ പട്ടിക വിഭാഗങ്ങൾക്കായി മൂന്നിലൊന്നു സീറ്റ് നീക്കിവയ്ക്കണമെന്നാണു ബിഎസ്പിയും മറ്റും ആവശ്യപ്പെടുന്നത്. 2010ൽ രാജ്യസഭ പാസാക്കിയ ബില്ലിൽ ഇതുണ്ടായിരുന്നു.


പാര്‍ലമെന്റിന്റെ അഞ്ചു ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിച്ചതിനു പിന്നാലെയാണു മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നത്. മന്ത്രിസഭാ യോഗത്തിന്റെ അജൻഡ എന്താണെന്നു വ്യക്തമായിരുന്നില്ലെങ്കിലും, നിയമസഭകളിലേക്കും ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ നിർണായക തീരുമാനങ്ങൾ എടുത്തെന്നാണു റിപ്പോർട്ട്.


വനിതാ സംവരണം, വനിതാ സംവരണത്തിനുള്ളിലെ ഒബിസി സംവരണം, ഒരു രാജ്യം ഒരു തിര‍ഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് ഭാരത് എന്നു മാറ്റൽ തുടങ്ങിയ പല വിഷയങ്ങളും മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചേക്കും എന്നായിരുന്നു വിവരം. തിങ്കളാഴ്ച പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന ദിനമായിരുന്നു. പുതിയ മന്ദിരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15ന് ലോക്‌സഭ സമ്മേളിക്കും.


മന്ത്രിസഭാ യോഗത്തിനു മുന്‍പ് കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയലും പ്രള്‍ഹാദ് ജോഷിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പ്രധാനമന്ത്രിയെയും കണ്ടിരുന്നു. ഈ സമ്മേളനത്തിൽ വനിതാസംവരണ ബിൽ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അടക്കം വിവിധ കക്ഷികൾ ആവശ്യപ്പെട്ടിരുന്നതാണ്. തിരഞ്ഞെടുപ്പു കമ്മിഷണറുടെ നിയമനം സംബന്ധിച്ചുള്ളതടക്കം 8 ബില്ലുകൾ അവതരിപ്പിക്കുമെന്നാണു കേന്ദ്രസർക്കാർ അറിയിപ്പ്.