09 May 2024 Thursday

120 മണിക്കൂർ പിന്നിട്ട് ഏറ്റുമുട്ടൽ; കശ്മീരിൽ ഒരു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും നീണ്ട സൈനിക നീക്കം

ckmnews

120 മണിക്കൂർ പിന്നിട്ട് ഏറ്റുമുട്ടൽ; കശ്മീരിൽ ഒരു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും നീണ്ട സൈനിക നീക്കം


ശ്രീനഗർ∙ കശ്മീരിൽ ഒരു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും നീണ്ട സൈനിക നീക്കമാണു അനന്തനാഗിൽ ഇപ്പോഴും പുരോഗമിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണു നുഴഞ്ഞു കയറിയ ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ ആരംഭിച്ചത്. ബുധനാഴ്ച കനത്ത പോരാട്ടത്തിൽ 4 സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിൾസിലെ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോൻചക്, ജമ്മു കശ്മീർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹുമയൂൺ ഭട്ട്, റൈഫിൾമാൻ രവികുമാർ എന്നിവരാണ് രാജ്യത്തിനായി ജീവൻ നൽകിയത്. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്കു പരുക്കേൽക്കുകയും ചെയ്തു.


പിന്നാലെ കൊടുംഭീകരൻ ഉസൈർ ഖാൻ അടക്കമുള്ള ലഷ്കർ ഭീകരരെ പിടികൂടാനുള്ള ശ്രമം സൈന്യം ഊർജിതമാക്കി. സൈന്യം നടപടി സ്വീകരിക്കുന്നത് തെറ്റായ ദിശയിലാണെന്നും സർക്കാർ ശരിയായ രീതിയിൽ ഇടപെടൽ നടത്തുന്നില്ലെന്നുമുള്ള ആരോപണങ്ങൾ ഇതിനിടെ ഉയർന്നു. എന്നാൽ കൃത്യമായ ഇന്റലിജൻസിന്റെ അടിസ്ഥാനത്തിലാണു സൈന്യം നടപടികൾ ആരംഭിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും കശ്മീർ അസി. ഡിജിപി വിജയ് കുമാർ വിശദീകരിച്ചു. പ്രദേശവാസികളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിയെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.