09 May 2024 Thursday

ഏഷ്യാ കപ്പ് കലാശപ്പോര്; എട്ടാം കിരീടം നോട്ടമിട്ട് ഇന്ത്യ; കിരീടം നിലനിര്‍ത്താന്‍ ശ്രീലങ്ക

ckmnews

ഏഷ്യ കപ്പ് കലാശപ്പോര് ഇന്ന്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്ക ഫൈനല്‍പോരാട്ടം നടക്കുക. മുന്‍ മത്സരങ്ങളെപ്പോലെ ഫൈനലും മഴ ഭീഷണിയുടെ നിഴലിലാണ്. എന്നാല്‍ മഴ കളിമുടക്കിയാലും അടുത്തദിവസം മത്സരം പുനരാരംഭിക്കും. റിസര്‍വ് ദിനത്തിലും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരു ടീമിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുംസൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യയെ വിറപ്പിക്കാന്‍ ലങ്കക്കായിരുന്നു. പാകിസ്താനെതിരെ ആവേശപ്പോര് ജയിച്ചാണ് ലങ്ക ഫൈനലിലെത്തിയത്.


ഏഷ്യാ കപ്പില്‍ എട്ടാം കിരീടം തേടിയാണ് രോഹിത് ശര്‍മ്മയും സംഘവുമിറങ്ങുന്നത്. എന്നാല്‍ കിരീടം നിലനിര്‍ത്തി ഏഴാം കിരീടത്തോടെ ഇന്ത്യക്കൊപ്പമെത്താമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക. വൈകുന്നേരം മൂന്നു മണിക്കാണ് മത്സരം ആരംഭിക്കുക. ഒന്‍പതാം തവണയാണ് ഏഷ്യാകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും നേര്‍ക്ക് നേര്‍ വരുന്നത്. അഞ്ച് തവണ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്ന് തവണ ജയം ശ്രീലങ്കക്കൊപ്പമായിരുന്നു.


അതേസമയം സ്പിന്നര്‍മാര്‍ നിര്‍ണായകമാകുന്ന മത്സരത്തില്‍ ഇരുടീമുകളും പ്രധാന സ്പിന്നര്‍മാര്‍ ഇല്ലാതെയാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ ഇടംകൈ സ്പിന്നര്‍ അക്ഷര്‍ പട്ടേലിനും ലങ്കയുടെ വലംകൈ സ്പിന്നര്‍ മഹീഷ് തീക്ഷണയ്ക്കുമാണ് പരുക്കുമൂലം ഫൈനല്‍ നഷ്ടമാകും. അക്ഷറിനു പകരക്കാരനായി ഓള്‍റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദറിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ വിശ്രമം അനുവദിച്ച വിരാട് കോലി, ഹര്‍ദിക് പണ്ഡ്യ, ജസ്പ്രിത് ബുമ്ര മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ തിരിച്ചെത്തും.