09 May 2024 Thursday

ചന്ദ്രബോസ് വധക്കേസ്:നിഷാം സ്ഥിരം കുറ്റവാളിയെന്ന് സര്‍ക്കാര്‍,വധശിക്ഷക്കുള്ള അപ്പീല്‍ അടുത്തയാഴ്ച പരിഗണിക്കും

ckmnews


ദില്ലി: ചന്ദ്രബോസ് വധക്കേസിൽ മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം നൽകിയ അപ്പീൽ ഒരാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. നിഷാമും ആയി ബന്ധപ്പെട്ട് സംസ്ഥാനം സമർപ്പിച്ച അധികരേഖയിൽ മറുപടി നൽകാൻ എതിർഭാഗം സമയം ചോദിച്ചതിനാലാണ് കേസ് മാറ്റിയത്. നിഷാം സ്ഥിരം കുറ്റവാളിയാണെന്നും മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും രേഖകളില്‍ വ്യക്തമാക്കുന്നു. നിഷാമിനെതിരായ പതിനേഴ് കേസുകളുടെ വിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമർപ്പിച്ചിരുന്നു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കാപ്പ ലിസ്റ്റിൽ മുഹമ്മദ് നിഷാമിനെ ഉൾപ്പെടുത്തിയതിന്റെ വിവരങ്ങളും ഇപ്പോള്‍ സമര്‍പ്പിച്ച അധിക രേഖകളിലുണ്ട്. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി ഒരാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റിയത്. ജീവപര്യന്തം തടവുശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരെ നിഷാം നൽകിയ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.