09 May 2024 Thursday

ഇനി കേസുകെട്ടിന് പേപ്പറില്ല; ഇ-കോടതി പദ്ധതിക്കായി 7210 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു

ckmnews


ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ നീതി ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഇ-കോടതി പദ്ധതിക്ക് 7210 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയാണ് പദ്ധതിക്ക് തുക അനുവദിച്ചത്. 2023 മുതല്‍ നാലുവര്‍ഷം നീളുന്ന ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടത്തിനാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. ”രാജ്യത്തെ പൗരന്മാര്‍ക്ക് നീതിന്യായ വ്യവസ്ഥ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും ചുരുങ്ങിയ ചെലവില്‍ വിശ്വസനീയവും സുതാര്യവുമാക്കാന്‍ കഴിയുന്ന വിധത്തില്‍ ഓണ്‍ലൈന്‍, പേപ്പര്‍ രഹിത കോടതികള്‍ സ്ഥാപിക്കുകയാണ് ഇ-കോടതി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്”, കേന്ദ്ര ഐടി മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നീതി ലഭ്യമാക്കുകയാണ് ഇ-കോര്‍ട്‌സ് മിഷന്‍ മോഡ് പദ്ധതിയിലൂടെ ഉദേശിക്കുന്നത്. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തിന് അനുസൃതമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.


ദേശീയ ഇ-ഗവേണന്‍സ് പദ്ധതിയുടെ കീഴില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി 2007 മുതലാണ് ഇ-കോര്‍ട്‌സ് പദ്ധതി നടപ്പാക്കി വരുന്നത്. ഇതിന്റെ രണ്ടാം ഘട്ടം ഈ വര്‍ഷം അവസാനിച്ചിരുന്നു.

ഇ-കോടതി പദ്ധതിയുടെ ഒന്നാം ഘട്ടം, രണ്ടാം ഘട്ടം എന്നിവയുടെ നേട്ടങ്ങള്‍ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിലൂടെ, മുഴുവന്‍ കോടതി രേഖകളും ഡിജിറ്റല്‍, ഓണ്‍ലൈന്‍, പേപ്പര്‍ രഹിതമാക്കുന്നതിലൂടെ പരമാവധി നീതി ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. തെളിവുകള്‍, കേസ് റെക്കോഡുകള്‍, സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകള്‍ എന്നിവ സൂക്ഷിക്കുന്നതിന് ക്ലൗഡ് സ്റ്റോറേജ് സ്ഥാപിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.


കോടതി സമുച്ചയങ്ങളിലുള്ള 4,400 ഇ-സേവാ കേന്ദ്രങ്ങളിലൂടെ ഇ-ഫയലിങ്/ ഇ-പെയ്മന്റ് എന്നിവ എല്ലാവര്‍ക്കും പ്രാപ്യമാക്കുകയാണ് മൂന്നാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. കേസുകള്‍ ഷെഡ്യൂള്‍ ചെയ്യുമ്പോഴും മുന്‍ഗണന നല്‍കുമ്പോഴും ജഡ്ജിമാര്‍ക്കും രജിസ്ട്രികള്‍ക്കും ഡാറ്റ അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്നതിന് ഇന്റലിജന്റ്‌സ് സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഇതിലൂടെ സ്ഥാപിക്കും.

നീതിന്യായ വ്യവസ്ഥയ്ക്ക് ഒരു ഏകീകൃത സാങ്കേതികപ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നതാണ് മൂന്നാം ഘട്ടത്തിന്റെ പ്രധാന ലക്ഷ്യം. ഇത് കോടതികള്‍ക്കും വ്യവഹാരം നടത്തുന്നവര്‍ക്കും ഇടയില്‍ തടസ്സമില്ലാത്തതും കടലാസ്‌രഹിതവുമായ ഇടപെടല്‍ സാധ്യമാക്കും.


ആദ്യ രണ്ട് ഘട്ടങ്ങളിലൂടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 18,000 കോടതികള്‍ കംപ്യൂട്ടര്‍വത്കരിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ 640 കോടി രൂപയാണ് അനുവദിച്ചത്. രണ്ടാംഘട്ടത്തില്‍ ഇത് 1670 കോടി രൂപയായിരുന്നു. കംപ്യൂട്ടര്‍വത്കരണത്തിന് പുറമെ, ഹാര്‍ഡ് വെയര്‍, നെറ്റ്‌വര്‍ക്ക് സംവിധാനം എന്നിവ കൂടി മൂന്നാം ഘട്ടത്തില്‍ ലഭ്യമാക്കും. വിധിന്യായം ഓണ്‍ലൈനായി ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.


കേന്ദ്ര നീതിന്യായ വകുപ്പ്, നിയമ-നീതി മന്ത്രാലയം, ഇ-കമ്മിറ്റി, സുപ്രീം കോടതി എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പാക്കുന്നത്.


ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ എഐ, മെഷീന്‍ ലേണിങ്, ഒപ്റ്റിക്കല്‍ കാരക്ടര്‍ റെകഗനിഷന്‍(OCR), നാച്ചുറല്‍ ലാംഗേജ്, പ്രൊസസ്സിങ് (എന്‍എല്‍പി) എന്നിവയും ഉപയോഗപ്പെടുത്തും. ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ തീര്‍പ്പിന് അപ്പുറം വിര്‍ച്വല്‍ കോടതികള്‍ വിപുലീകരിക്കും. അതുവഴി കോടതിയില്‍ വ്യവഹാരക്കാരുടെയും അഭിഭാഷകരുടെയും സാന്നിധ്യം കുറച്ചുകൊണ്ടുവരും. കോടതി നടപടികളില്‍ കൂടുതല്‍ കൃത്യതയും സുതാര്യതയും വര്‍ധിപ്പിക്കും.