09 May 2024 Thursday

മണിപ്പൂരിൽ വീണ്ടും സംഘർഷം: തെങ്‌നൗപാൽ ജില്ലയിൽ സുരക്ഷാ സേനയ്ക്ക് നേരെ വെടിവയ്പ്പ്

ckmnews


വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. തെങ്‌നൗപാൽ ജില്ലയിലെ പല്ലേൽ മേഖലയിൽ സുരക്ഷാ സേനയും ആയുധധാരികളും തമ്മിൽ വെടിവയ്പ്പ്. വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാ സേന സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.ബുധനാഴ്ച ബിഷ്ണുപൂർ ജില്ലയിലെ ഫൗഗക്‌ചാവോ ഇഖായിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ടോർബംഗിലെ ആളൊഴിഞ്ഞ വീടുകളിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം നടത്തി. ബാരിക്കേഡുകൾ ഭേദിച്ച് കടക്കാൻ ശ്രമിച്ചവർക്ക് നേരെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF), അസം റൈഫിൾസ്, മണിപ്പൂർ പോലീസ് എന്നിവരടങ്ങുന്ന സുരക്ഷാ സേന സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.


പ്രതിഷേധത്തിന് ഒരു ദിവസം മുമ്പ് മണിപ്പൂരിലെ അഞ്ച് താഴ്‌വര ജില്ലകളിലും സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. മെയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച വർഗീയ കലാപം ഇപ്പോഴും തുടരുകയാണ്. വർഗീയ കലാപത്തിൽ ഇതുവരെ 160-ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.