09 May 2024 Thursday

‘അതിന് പിന്നാലെ പോയി സമയം കളയണ്ട’; തന്റെ തലയ്ക്ക് വിലയിട്ട സന്യാസിയ്‌ക്കെതിരെ കേസുവേണ്ടെന്ന് ഉദയനിധി

ckmnews



സനാതന ധര്‍മ പ്രസ്താവനയ്ക്ക് പിന്നാലെ തന്റെ തലയ്ക്ക് വിലയിട്ട സന്യാസിയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. ഡിഎംകെ പ്രവര്‍ത്തകരോട് പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറണമെന്നും ഉദയനിധി സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. തനിക്കെതിരായ കേസുകള്‍ നിയമപരമായി നേരിടുമെന്നും ഉദയനിധി സ്റ്റാലിന്‍ അറിയിച്ചു.തന്റെ തലയ്ക്ക് വില പറഞ്ഞ സന്ന്യാസിയും കൂട്ടരും അവരുടെ കാര്യങ്ങളുമായി മുന്നോട്ടുപോകട്ടേ, കേസെടുത്തും പ്രതിഷേധിച്ചും നമ്മള്‍ സമയം കളയേണ്ടതില്ലെന്നാണ് ഉദയനിധി ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം. തനിക്കെതിരായ കേസുകള്‍ താന്‍ കൈകാര്യം ചെയ്‌തോളാമെന്നും പ്രവര്‍ത്തകര്‍ക്ക് നല്‍കിയ കത്തിലൂടെ ഉദയനിധി പറഞ്ഞു.

ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിക്കെതിരെ മധുര പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അയോധ്യയിലെ ജഗദ്ഗുരു പരമഹംസ ആചാര്യയ്ക്ക് എതിരെയായിരുന്നു കേസ്. ഡിഎംകെ നിയമ വിഭാഗത്തിന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി. കലാപാഹ്വാനം അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ എടുത്തിരിക്കുന്നത്. സനാതന ധര്‍മ്മ പരാമര്‍ശത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു അയോധ്യയിലെ സന്യാസിയുടെ പ്രകോപനപരമായ ആഹ്വാനം.