09 May 2024 Thursday

ജി ട്വന്റി ഉച്ചകോടി; കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം

ckmnews


ജി ട്വന്റി ഉച്ചകോടി നടക്കാനിരിക്കെ കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം. 40 ഓളം രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന ജി20ക്കായി പഴുതടച്ച സുരക്ഷാ ചക്രവ്യൂഹമാണ് ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്. നാളെ മുതല്‍ 11 വരെ നാല് ദിവസം ദില്ലി നിശ്ചലമാകും. രാഷ്ട്രത്തലവന്മാര്‍ സഞ്ചരിക്കുന്ന പാതകളിലും താമസിക്കുന്നയിടങ്ങളും ഉള്‍പ്പെടെ ദില്ലി പൂര്‍ണമായും സ്തംഭിക്കും. ദില്ലി വിമാനത്താവളം മുതല്‍ ജി 20 നടക്കുന്ന പ്രഗതി മൈതാന്‍ വരെ കനത്ത പൊലീസ് വലയത്തിലാണ്. ഒരു ലക്ഷത്തി മുപ്പതിനായിരം പേരെയാണ് രാജ്യതലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.

പാതയോരത്തെ ചേരികളെല്ലാം ഗ്രീന്‍ നെറ്റുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും ഉപയോഗിച്ച് മറച്ചു കഴിഞ്ഞു. 300 ഓളം ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്കും സ്വകാര്യ- സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കടകമ്പോളങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. ഓട്ടോ ടാക്‌സികളോ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയോ അനുവദിക്കില്ല. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സേനയുടെ വിവിധ പരിശീലനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.