09 May 2024 Thursday

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും; സാധ്യതാ പട്ടികയിൽ ജോജു ജോർജ്

ckmnews


ന്യൂഡൽഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 5ന് ഡൽഹിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിലാകും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പുരസ്കാരം പ്രഖ്യാപിക്കുക. ഇതിന് മുമ്പ് ജൂറി യോ​ഗം ചേരും.

പുരസ്കാര പട്ടികയിൽ നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ എന്നീ മലയാള ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നായാട്ടിലെ അഭിനയത്തിന് മികച്ച നടനാകാനുള്ള മത്സരത്തിൽ ജോജു ജോർജ് ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും സാധ്യതാ പട്ടികയിൽ ഇടംനേടിയെന്നാണ് വിവരം.


ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പറഞ്ഞ ‘റോക്കട്രി: ദ നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആർ മാധവനും വിവേക് അ​ഗ്നിഹോത്രി ഒരുക്കിയ കശ്മീർ ഫയൽസിലെ പ്രകടനത്തിന് അനുപം ഖേറും മികച്ച നടനാവാൻ മത്സര രംഗത്തുണ്ട്.

ഓസ്കർ നേടിയ രാജമൗലിയുടെ ‘ആര്‍ആർആര്‍’ മത്സരരം​ഗത്തുണ്ട്. ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധായകനുള്ള പട്ടികയിലുണ്ട്.


മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ ഗംഗുഭായ് കത്തിയവാഡിയിലൂടെ ആലിയ ഭട്ടും തലൈവിയിലൂടെ കങ്കണ റണൗട്ടും തമ്മിലാണ് മത്സരമെന്നാണ് വിവരങ്ങൾ. ഇവർക്ക് പുറമേ രേവതിയും മികച്ച നടിക്കുവേണ്ടി മത്സരിക്കുന്നു.


മികച്ച മലയാള ചിത്രത്തിനുള്ള അന്തിമ പട്ടികയില്‍ ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാന്‍ എന്നീ ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത് എന്നാണ് വിവരം.


68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ 8 അവാർഡുകളായിരുന്നു മലയാളത്തിന് കിട്ടിയത്. മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളി ഏറ്റുവാങ്ങിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്കാരം നടൻ ബിജു മേനോനും ഏറ്റുവാങ്ങി. തമിഴ് ചിത്രം സൂരറൈ പോട്രിലൂടെയായിരുന്നു അപർണയുടെ പുരസ്കാര നേട്ടം. മികച്ച സംവിധായകനുള്ള അവാർഡ് അയ്യപ്പനും കോശി എന്ന ചിത്രത്തിലൂടെ സച്ചിക്കായിരുന്നു ലഭിച്ചത്.

മികച്ച സംഘട്ടനം : മാഫിയ ശശി, മികച്ച പിന്നണി ഗായിക: നഞ്ചിയമ്മ, മികച്ച മലയാള സിനിമ : തിങ്കളാഴ്‍ച നിശ്ചയം, പ്രത്യേക പരാമര്‍ശം: വാങ്ക് എന്നീ പുരസ്കാരങ്ങളും മലയാളം സ്വന്തമാക്കി. നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം: നിഖില്‍ എസ് പ്രവീണ്‍ (‘ശബ്‍ദിക്കുന്ന കലപ്പ’), മികച്ച പുസ്‍തകം: അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്‍തകം, മികച്ച വിദ്യാഭ്യാസ ചിത്രം : ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’ (നന്ദൻ). മികച്ച വിവരണം : ശോഭ തരൂര്‍ ശ്രീനിവാസന്‍ എന്നിവരും കഴിഞ്ഞ തവണ ദേശീയ പുരസ്കാരം നേടി.