09 May 2024 Thursday

ബലാത്സംഗം ചെയ്യപ്പെട്ട അതിജീവിതയുടെ ഗർഭഛിദ്രത്തിനു അനുമതി നൽകി സുപ്രീംകോടതി; ഗുജറാത്ത് ഹൈക്കോടതിക്ക് രൂക്ഷവിമർശനം

ckmnews



ഗുജറാത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട അതിജീവിതയുടെ ഗർഭഛിദ്രത്തിനു അനുമതി നൽകി സുപ്രീംകോടതി.27 ആഴ്ച പ്രായമുളള ഗര്‍ഭഛിദ്രത്തിനാണ് അനുമതി നൽകിയത്. ഗർഭാവസ്ഥ സംബന്ധിച്ച പുതിയ മെഡിക്കൽ റിപ്പോർട്ട് പ്രകാരമാണ് ഗര്‍ഭഛിദ്രത്തിനു അനുമതി നൽകിയത്.

അതേസമയം അതിജീവിതയുടെ ഹ‍ർജി ശനിയാഴ്ച്ച പ്രത്യേക സിറ്റിംഗിലൂടെ പരിഗണിച്ച കോടതി ഗുജറാത്ത് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിരുന്നു. അനുകൂലമായ മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് കിട്ടിയിട്ടും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ ഗുജറാത്ത് ഹൈക്കോടതി 12 ദിവസം വൈകിയെന്ന കാരണത്താലാൽ സുപ്രീം കോടതി അന്ന് വിമർശനം നടത്തിയത്.

ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത് നിരുത്തപരമായ നടപടിയെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കുഞ്ഞിന്‍റെ വളർച്ച 28 ആഴ്ച പൂർത്തിയാകാറായി. ഈ സാഹചര്യത്തിൽ ഇത്തരമൊരു ഹർജിയിൽ വിലപ്പെട്ട സമയം പാഴാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി വിചിത്രമാണെന്നാണ് ജസ്റ്റിസ് ബി വി നാഗരത്‌ന അഭിപ്രായപ്പെട്ടത്. പഴയ മെഡിക്കൽ ബോർഡ് തീരുമാനം ഗർഭഛിദ്രത്തിന് അനുകൂലമായിരുന്നു. എന്നാൽ മെഡിക്കൽ ബോർഡിന്‍റെ അനുകൂല റിപ്പോർട്ട് ലഭിച്ചിട്ടും 12 ദിവസം വൈകിയാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. ഇതാണ് സുപ്രീം കോടതിയുടെ വിമർശനത്തിന് കാരണമായത്.