09 May 2024 Thursday

മഴക്കെടുതി; ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മരിച്ചവരുടെ എണ്ണം 81 ആയി

ckmnews


ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 81 ആയി. ഹിമാചലില്‍ ഇരുപതോളം പേരെ കാണാതായി. ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ വികാസ് നഗറിലെ മണ്ണിടിച്ചില്‍15 വീടുകള്‍ തകര്‍ന്നു. പഞ്ചാബിലും പ്രളയസമാന സാഹചര്യം.

ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും നാല് ദിവസമായി തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. ഹിമാചലില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. 1000 കോടിയലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു അറിയിച്ചു. മഴയിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഷിംലയിലെ സമ്മര്‍ഹില്‍ മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച 21 പേരില്‍ 13 പേരുടെ മൃതദേഹം കണ്ടെടുത്തു. ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും പൊലീസിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫാഗ്ലി, കൃഷ്ണ നഗര്‍ മേഖലകളിലും ഉരുള്‍പൊട്ടലുണ്ടായി. വ്യോമസേനാ ഹെലികോപ്റ്ററുകള്‍, കരസേനാ ഉദ്യോഗസ്ഥര്‍, എന്‍ഡിആര്‍എഫ് എന്നിവയുടെ സഹായത്തോടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

ഉത്തരാഖണ്ഡില്‍ ഡെറാഡൂണിലെ വികാസ് നഗറിലുണ്ടായ മണ്ണിടിച്ചിലില്‍ 15 വീടുകളും 7 ഗോശാലകളും നിരവധി റോഡുകളും തകര്‍ന്നു . പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ബന്ദ്രിനാഥ് കേദാര്‍നാഥ് പാത പുനസ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു .പഞ്ചാബിലും പ്രളയ സമാന സാഹചര്യമാണ് നിലവിലുള്ളത്.ഭക്ര, പോങ് അണക്കെട്ടുകളില്‍ നിന്ന് അധിക ജലം തുറന്നുവിട്ടതേടെ പഞ്ചാബിലെ ഹോഷിയാര്‍പൂര്‍, ഗുരുദാസ്പൂര്‍, രൂപ്നഗര്‍ ജില്ലകള്‍ വെള്ളത്തിനടിയിലായി. ദില്ലി യമുന നദിയില്‍ ജലനിരപ്പ് അപകട നിലക്ക് മുകളില്‍ ആണെങ്കിലും മറ്റ് പ്രതിസന്ധികള്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.