09 May 2024 Thursday

കോടതിയിൽ പോരടിച്ച് മൃണാളിനി ടീച്ചറും മോട്ടോർ മണിയും; 'ജലധാര പമ്പ്സെറ്റ്' റിവ്യു

ckmnews


സമീപകാലത്ത് കോർട്ട് റൂം ആക്ഷേപഹാസ്യ സിനിമകൾ മലയാളത്തിൽ വരുന്നുണ്ട്. കോടതി വ്യവഹാരങ്ങളിലെ നൂലാമാലകളും കാലതാമസങ്ങളും പറഞ്ഞ ഇത്തരം ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിട്ടുമുണ്ട്. ഇതേ ജോണറിൽ, എന്നാൽ വ്യത്യസ്തമായൊരു കഥയുമായി എത്തിയ ചിത്രമാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'.

ഒരു പമ്പ്സെറ്റ് ആണ് സിനിമയിലെ പ്രധാന കഥാപാത്രം. ഉത്സവമേളത്തിനിടെ ആ ജലധാര പമ്പ് സെറ്റ് കള്ളൻ അടിച്ച് മാറ്റുന്നു. ഇയാളെ കയ്യോടെ പൊക്കുന്നതോടെ ആണ് സിനിമ തുടങ്ങുന്നത്. മൃണാളിനി ടീച്ചറുടെ വീട്ടിലെ പമ്പ് സെറ്റ് ആണിത്. ടിച്ചറുടെ ഭർത്താവ് കാരണം അപ്പോൾ തന്നെ ക്ഷമിച്ച് വിടേണ്ടൊരു സംഭവം പൊലീസിലേക്കും അവിടെ നിന്നും കോടതി മുറിയിലേക്കും എത്തുന്നു. എന്നാൽ കോടതി വ്യവഹാരങ്ങളിലെ കാലതാമസം കാരണം ആ കേസിന്റെ വാദം വർഷങ്ങൾ നീണ്ടു പോയി. ഇതിനിടയിൽ ഭർത്താവ് മരിച്ചതോടെ കേസ് നടത്തേണ്ട ചുമതല മൃണാളിനിയിൽ വന്ന് ചേരുന്നു. ശേഷം നടക്കുന്ന സംഭവ വികാസങ്ങളാണ് 'ജലധാര പമ്പ്സെറ്റി'ന്റെ പ്രമേയം. നർമത്തിലൂന്നി നിരവധി ചോദ്യങ്ങളും നിയമവ്യവസ്ഥിതിയോട് ചിത്രം ചോദിക്കുന്നുണ്ട്. കോമഡിക്ക് പ്രധാന്യം നൽകി കൊണ്ടുള്ള ഒരു ഇമോഷണൽ ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. മൃണാളിനി ടീച്ചർ (ഉർവശി), മോട്ടോർ മണി(ഇന്ദ്രൻസ്), ഡ്രൈവർ ഉണ്ണി(സാഗര്‍ രാജന്‍), ചിപ്പി(സനൂഷ), വക്കീൽ ഭട്ടതിരി(ജോണി ആന്റണി), വക്കീൽ രവി(ടി ജി രവി), ലളിത(നിഷ) എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരെല്ലാവരും തങ്ങളുടെ ഭാ​ഗങ്ങൾ എപ്പോഴത്തെയും പോലെ തന്നെ മികവുറ്റതാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ദ്രൻസും ഉർവശിയും. ഏഴ് വർങ്ങൾക്ക് ശേഷം സനൂഷ അഭിനയിച്ച മലയാള സിനിമ കൂടിയാണിത്. മൃണാളിനിയുടെ മകളായാണ് സനൂഷ ചിത്രത്തിൽ എത്തിയിരിക്കുന്നത്. 


മകളാൽ അവ​ഗണിക്കപ്പെടുന്ന അമ്മയായി, ഭർത്താവിന്റെ തീരുമാനത്തിനൊപ്പം നിൽക്കുന്ന ഭാര്യയായി, എല്ലാവർക്കും നന്മവരണം എന്ന് ആ​ഗ്രഹിക്കുന്ന മൃണാളിനി ടീച്ചറെ ഉർവശി തന്റെ കയ്യിൽ ഭദ്രമാക്കിവച്ചിട്ടുണ്ട്. കള്ളന്റെ വേദനകളും വിഷമങ്ങളും, മകളുടെ അകൽച്ചകാരണം നീറുന്നൊരു അച്ഛനായി ഇന്ദ്രൻസും തന്റെ കഥാപാത്രത്തെ അതിമനോഹരമാക്കി. അയാൾ കരഞ്ഞപ്പോൾ എപ്പോഴോ പ്രേക്ഷകന്റെ ഉള്ളൊന്ന് നീറി. ടിജി രവിയും ജോണി ആന്റണിയും ഉൾപ്പടെ ചെറുതും വലുതുമായ എല്ലാ അഭിനേതാക്കളുടെ തങ്ങളുടെ ഭാ​ഗങ്ങളിൽ തിളങ്ങിയിട്ടുണ്ട്.

ചെറിയൊരു മോഷണത്തിൽ തുടങ്ങി നിയമവ്യവസ്ഥിതിയിലെ മെല്ലേപ്പോക്കിനെ അതി ​ഗംഭീരമായി തന്നെ സംവിധായകൻ ആഷിഷ് ചിന്നപ്പ അണിയിച്ചൊരുക്കിയിരിക്കുന്നു. പാലക്കാടിന്റെ ഭം​ഗി മനോഹരമായി ഒപ്പിയെടുത്ത ഛായാ​ഗ്രാഹകൻ സജിത്ത് പുരുഷനും കയ്യടി അർഹിക്കുന്നുണ്ട്. സീരിയസ് ആയൊരു വിഷയത്തോടെ കയ്യടക്കത്തോടെ പ്രജിൻ എം. പിയും ആഷിഷ് ചിന്നപ്പ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. അണിയറ പ്രവർത്തകർ: ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്നാണ് നിര്‍മാണം. വണ്ടർ ഫ്രെയിംസ് ഫിലിംസ് ലാൻഡിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ് ആണ്. ജോഷി മേടയിലാണ് കാസ്റ്റിംഗ് ഡയറക്ടര്‍. സനു കെ ചന്ദ്രന്റേതാണ് കഥ. മേക്കപ്പ് സിനൂപ് രാജ്. സൗണ്ട് ഡിസൈൻ ധനുഷ് നായനാർ. കോസ്റ്റ്യൂം അരുൺ മനോഹർ, ഓഡിയോഗ്രാഫി വിപിൻ നായർ, ഗാനരചന ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, കൊറിയോഗ്രാഫി സ്പ്രിംഗ് , വിഎഫ്എക്‌സ് ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പിആഒ എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട് ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ നൗഷാദ് കണ്ണൂർ, ഡിസൈൻ മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ്.