09 May 2024 Thursday

മോദി കുടുംബപ്പേര് കേസ്: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം

ckmnews


ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതിയുടെ മൂന്നാം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപേക്ഷയിൽ കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും

ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ മാനനഷ്ടക്കേസ് പരിഗണിക്കുന്നത്. 2019-ൽ കർണാടകയിലെ കോലാറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ “എന്തുകൊണ്ടാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന് പേരിട്ടിരിക്കുന്നത്?” എന്ന പരാമർശത്തിന്റെ പേരിൽ ബിജെപി നേതാവും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

അതേസമയം, അപകീർത്തി പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിലാണ് രാഹുൽ നയം വ്യക്തമാക്കിയത്. ഹർജിക്കാരൻ നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. മാപ്പ് പറയാനായി നിർബന്ധിക്കുകയാണ് തുടങ്ങിയ കാര്യങ്ങളാണ് എതിർ സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്. അതേസമയം കേസിൽ രാഹുൽ ഗാന്ധിക്കെതിരെ അധിക രേഖകൾ ഹാജരാക്കാൻ പൂർണേഷ് മോദി അനുമതി തേടി.