09 May 2024 Thursday

ഹരിയാന സംഘർഷം; ഇന്റർനെറ്റ് നിരോധനം തുടരും

ckmnews


ഹരിയാനയിലെ സംഘർഷ സാഹചര്യത്തിൽ നുഹിലും സംസ്ഥാനത്തെ മറ്റ് ചില സ്ഥലങ്ങളിലും മൊബൈൽ ഇന്റർനെറ്റ്, എസ് എം എസ് സേവനങ്ങൾ ഓഗസ്റ്റ് 5 വരെ നിർത്തി വച്ചു. ഹരിയാനയിൽ പൊതുസമാധാനം പുനഃസ്ഥാപിക്കുന്നതിനായാണ് സംസ്ഥാന സർക്കാറിന്റെ ഇന്റർനെറ്റ് നിരോധനം . നൂഹ് , ഫരീദാബാദ്, പൽവാൾ എന്നിവിടങ്ങളിലും ഗുരുഗ്രാം ജില്ലയിലെ സോഹ്ന, പട്ടൗഡി, മനേസർ എന്നീ സബ് ഡിവിഷനുകളുടെ പ്രദേശിക അധികാര പരിധിയിലും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കും.


ഹരിയാനയിൽ 20 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. നൂഹിൽ 14, പൽവാളിൽ മൂന്ന്, ഗുരുഗ്രാമിൽ രണ്ട്, ഫരീദാബാദിൽ ഒന്ന് എന്നിങ്ങനെയാണ് കേന്ദ്ര വിന്യസിച്ചിരിക്കുന്നത്. ജൂലൈ 31 ന് നുഹിൽ മതപരമായ ഘോഷയാത്രയ്ക്കിടെ കല്ലേറും കാറുകൾക്ക് തീയിടുകയും ചെയ്തതിനെ തുടർന്ന് പലയിടത്തും അക്രമം ഉണ്ടായി. സാമുദായിക സംഘർഷവും പൊതുസമാധാനവും കണക്കിലെടുത്ത് തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതൽ നുഹ് ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ്, എസ് എം എസ് സേവനങ്ങൾ താൽക്കാലികമായി നിർത്തി വയ്ക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. മറ്റ് ചില ഭാഗങ്ങളിൽ ഓഗസ്റ്റ് 2 വരെയും നിയന്ത്രണം കൊണ്ടുവന്നു.

അതേസമയം ഹരിയാനയിലെ നൂഹിൽ സംഘർഷം ആസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ. പൊലീസുകാരെ ജീവനോടെ കത്തിക്കുമെന്ന് ജനങ്ങൾ ആക്രോശങ്ങൾ നടത്തിയെന്ന് കുറ്റപത്രം ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൂഹിൽ വിവിധയിടങ്ങളിലായി പൊലീസിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നിരുന്നു. നൂറുകണക്കിന് വരുന്ന ജനക്കൂട്ടം സ്റ്റേഷൻ ‌വളഞ്ഞ് കല്ലെറിയുകയും പൊലീസുകാരെ കൊല്ലുമെന്ന് ആക്രോശിക്കുകയും ചെയ്തു.


പിന്നാലെ ബസ് ഉപയോഗിച്ച് പ്രധാന ഗേറ്റ് തകർത്ത് ജനക്കൂട്ടം അകത്തുകയറി. കെട്ടിടത്തിനു മുകളിൽകയറി ആയുധങ്ങൾ ഉപയോഗിച്ച് പൊലീസുകാർക്കുനേരെ വെടിയുതിർത്തുവെന്ന് സൈബർ സെൽ പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ കുറ്റപത്രത്തിൽ പറയുന്നു. അതേസമയം, സംഘർഷങ്ങൾക്ക് കാരണമായതായി പറയുന്ന മോനുമാനേസിറിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.