09 May 2024 Thursday

യമുനാ നദിയിൽ നിന്നും പിടിച്ച ഡോൾഫിനെ കറിവെച്ചു കഴിച്ചു; നാല് മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ്

ckmnews



ഉത്തർപ്രദേശ്: യമുനാ നദിയിൽ നിന്ന് ഡോൾഫിനെ പിടികൂടി കറിവെച്ച് കഴിച്ച നാല് മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ്. സംഭവത്തിൽ ഒരു മത്സ്യത്തൊഴിലാളിയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നസീർപൂർ ഗ്രാമത്തിലാണ് സംഭവം. നദിയിൽ നിന്നും പിടികൂടിയ ഡോൾഫിനെ ചുമന്ന് വീട്ടിൽ കൊണ്ടുവന്ന് കറിവെച്ച് കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് വൈറലായതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്.


തിങ്കളാഴ്ച ചായിൽ വനപാലകൻ രവീന്ദ്രകുമാർ നൽകിയ പരാതിയിൽ പറയുന്നു. വീഡിയോ വൈറലായതിനു പിന്നാലെ, ചൈൽ ഫോറസ്റ്റ് റേഞ്ചർ രവീന്ദ്ര കുമാർ ആണ് പരാതി നൽകിയത്. ജുലൈ 22 നായിരുന്നു സംഭവം. യമുനാ നദിയിൽ മത്സ്യബന്ധനത്തിനെത്തിയവരുടെ വലയിൽ ഡോൾഫിൻ കുടുങ്ങിയത്. ഒരു ക്വിന്റൽ തൂക്കമുള്ള ഡോൾഫിനെയാണ് ഇവർക്ക് കിട്ടിയത്.

പിടികൂടിയ ഡോൾഫിനെ ചുമന്ന് വീട്ടിലേക്ക് കൊണ്ടുപോയി പാകം ചെയ്ത് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മത്സ്യത്തൊഴിലാളികളായ രഞ്ജീത് കുമാർ, സഞ്ജയ്, ദീവൻ, ബാബ എന്നിവർക്കെതിരെയാണ് 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തത്. രഞ്ജീത്ത് കുമാറാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പേരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഗംഗ, ബ്രഹ്മപുത്ര നദികളിലും അവയുടെ പോഷകനദികളിലും ധാരാളമായി കണ്ടിരുന്നവയാണ് ഗംഗാ ഡോൾഫിനുകൾ. ദ്രുതഗതിയിലുള്ള വ്യാവസായികവൽക്കരണവും കീടനാശിനികളും രാസവളങ്ങളുടേയും വ്യാപകമായ ഉപയോഗം മൂലം ഇവയുടെ എണ്ണത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.


വംശനാശം നേരിടുന്നതാൽ ഐ.യു.സി.എന്നിന്റെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയ ജീവിയാണ് ഗംഗാ ഡോൾഫിനുകൾ. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഒന്നാമത്തെ പട്ടികയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ജീവിയാണ് സുസു എന്നറിയപ്പെടുന്ന ഗംഗാ ഡോൾഫിൻ.