09 May 2024 Thursday

മണിപ്പൂരിലേത് കേവലം വർഗീയ സംഘർഷമല്ല, പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ​തുറന്നടിച്ച് മേധാ പട്കർ

ckmnews


മണിപ്പൂരിലേത് കേവലം വർഗീയ സംഘർഷം അല്ലെന്നും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മേധാ പട്കർ  പറഞ്ഞു. കുക്കി വിഭാഗത്തിന്റെ ഭൂമി തട്ടി എടുക്കാനുള്ള സാമ്പത്തിക പദ്ധതിയാണിത്. ഗോത്ര വിഭാഗങ്ങളുമായി ഉണ്ടാക്കിയ കരാർ ലംഘിക്കുന്നതിനുള്ള തീരുമാനം മുഖ്യമന്ത്രി എടുത്തത് ഇതിന്റ ഭാഗമായാണെന്നും അവർ ആരോപിച്ചു.

മെയ്തി വിഭാഗത്തോട് ഒപ്പം നിന്ന് കുക്കി വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്ന പ്രസ്താവനകൾ പോലും മുഖ്യമന്ത്രി നടത്തിയത് അപലപനീയമാണ്. ബിജെപി ക്ക് മണിപ്പൂരിൽ സമാധാനം കൊണ്ടുവരാൻ താല്പര്യമില്ല. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നത്.


മണിപ്പൂർ വിഷയത്തിൽ ബിജെപിക്കെതിരെ ഇടപെടൽ നടത്താൻ രാഷ്‌ട്രപതിക്ക് ആത്മവിശ്വാസവും ധൈര്യവും ഉണ്ടെന്ന് കരുതുന്നില്ല. പൊതു സമൂഹത്തിനും സുപ്രിം കോടതിക്കും മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ. മണിപ്പൂരിന്റെ മറ്റൊരു സംസ്ഥാനവുമായി താരതമ്യം ചെയ്യാൻ കഴിയില്ല. സ്മൃതി ഇറാനി ബിജെപി ഇതര സംസ്ഥാനങ്ങളുമായി സംഭവത്തെ താരതമ്യം ചെയ്യുകയാണെന്നും, എന്നാൽ എന്തുകൊണ്ട് ഉത്തർ പ്രദേശിനെ പരാമർശിക്കുന്നില്ലെന്നും അവർ ചോദിച്ചു.


ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള മെയ്തികളെ പട്ടികവർഗ വിഭാ​ഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ച് ക്രൈസ്തവർ ഭൂരിപക്ഷമുള്ള കുക്കികൾ നടത്തിയ ഗോത്രവർഗ ഐക്യദാർഢ്യ മാർച്ചിനെ തുടർന്നാണ് മണിപ്പൂരിൽ സംഘർഷം ആരംഭിക്കുന്നത്. ഗോത്രവർഗ ഐക്യദാർഢ്യ മാർച്ചിന് ശേഷം ആസൂത്രിത അക്രമങ്ങൾ നിർബാധം നടന്നത് കുക്കി ആധിപത്യമുള്ള പ്രദേശങ്ങളിൽ മാത്രമാണ്. വർ​ഗീയ സംഘർഷങ്ങളിൽ വൻ തോതിൽ ആക്രമിക്കപ്പെട്ടതും കുക്കികൾ തന്നെയാണ്.