09 May 2024 Thursday

രാഹുൽ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ ഇല്ല ,പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്

ckmnews


ദില്ലി:അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം നീളും. കേസ് ഇന്ന് പരിഗണിച്ച സുപ്രീംകോടതി പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും നോട്ടീസയച്ചു. പത്തു ദിവസത്തിനകം മറുപടി നൽകണം. ഓഗസ്റ്റ് 4 ന് കേസ് വീണ്ടും പരിഗണിക്കും. ഏതു സമയം വേണമെങ്കിലും വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും വൈകാതെ തീരുമാനം വേണമെന്നും രാഹുൽ ഗാന്ധിക്കായി അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി ആവശ്യപ്പെട്ടു. എന്നാൽ എതിർകക്ഷികളെ കേൾക്കാതെ സ്റ്റേ നൽകാനാകില്ലെന്നും അതിനാൽ നോട്ടീസ് നൽകുകയാണെന്നും കോടതി വ്യക്തമാക്കി. വേഗത്തിൽ നടപടികൾ പൂർത്തിയാക്കാമെന്ന് വ്യക്തമാക്കിയ ബെഞ്ച് പത്തു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് എതിർകക്ഷികളോട് നിർദ്ദേശിക്കുകയായിരുന്നു.

തൻ്റെ കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുമായി ബന്ധമുള്ളതിനാൽ കേസ് കേൾക്കുന്നതിൽ നിന്ന് പിൻമാറുന്ന കാര്യം ജസ്റ്റിസ് ഗവായ് ആദ്യം സൂചിപ്പിച്ചു. എന്നാൽ ഇരുകക്ഷികളും ഇത് വിഷയമല്ലെന്ന് വ്യക്തമാക്കിയതോടെ വാദം തുടരുകയായിരുന്നു. മഹാരാഷ്ട്രയിലെ റിപ്പബ്ളിക്കൻ പാർട്ടി നേതാവും കേരള ഗവർണ്ണറുമായിരുന്ന ആർ എസ് ഗവായിയുടെ മകനാണ് ജസ്റ്റിസ് ബിആർ ഗവായ്. കോൺഗ്രസ് പിന്തുണയോടെയാണ് ആർ എസ് ഗവായി പാർലമെൻറിൽ എത്തിയത്.