09 May 2024 Thursday

ഇന്ത്യ എന്ന പദം അനുചിതമായി ഉപയോഗിച്ചു; 26 പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ കേസ്

ckmnews


ന്യൂഡൽഹി∙ വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടതിന് 26 പ്രതിപക്ഷപാർട്ടികൾക്ക് എതിരെ കേസെടുത്തു. ഡോ. അവിനാഷ് മിശ്ര എന്നയാളുടെ പരാതിയില്‍ ഡൽഹി പൊലീസാണ് കേസെടുത്തത്. ഇന്ത്യ എന്ന പദം അനുചിതമായി ഉപയോഗിച്ചതിനും അന്യായമായ സ്വാധീനത്തിനു ശ്രമിച്ചതിനുമാണു കേസ്. സഖ്യത്തിന് ഇന്ത്യ എന്ന പേര് മറ്റൊരു വിധത്തിൽ നൽകിയതിലൂടെ ഇന്ത്യൻ ജനതയുടെ വികാരങ്ങള്‍ വൃണപ്പെടുമെന്നും പരാതിയിൽ പറയുന്നു. എംബ്ലം ആക്ടിലെ വകുപ്പുകൾ പ്രകാരമാണു കേസ്.


കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡിഎംകെ, എന്‍സിപി ശരദ് പവാര്‍ വിഭാഗം, എന്‍സി, പിഡിപി, എഎപി, ജെഡിയു, ആര്‍ജെഡി, ജെഎംഎം, ആര്‍എസ്പി, ശിവസേന (യുബിടി), എസ്പി, ആര്‍എല്‍ഡി, അപ്‌ന ദള്‍, എംഡിഎംകെ, കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (ജോസഫ്) തുടങ്ങി സഖ്യത്തിന്റെ ഭാഗമായ 26 പാര്‍ട്ടികള്‍ക്കെതിരെയാണു കേസ്. 



2024ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് – I-N-D-I-A എന്ന പേരാണ് പ്രതിപക്ഷം സ്വീകരിച്ചത്. നിലവിൽ കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) എന്നാണ് പേര്. ഇതിൽപ്പെടാത്ത കക്ഷികളും വിശാല കൂട്ടായ്മയിൽ ഉള്ളതിനാലാണ് യുപിഎ ഒഴിവാക്കി പുതിയ പേര് കണ്ടെത്തിയത്.