09 May 2024 Thursday

മാട്രിമോണിയൽ സൈറ്റ് വഴി 15 വിവാഹം ചെയ്ത "ഡോക്ടർ" അറസ്റ്റിൽ

ckmnews

മാട്രിമോണിയൽ സൈറ്റ് വഴി 15 വിവാഹം ചെയ്ത "ഡോക്ടർ" അറസ്റ്റിൽ


മംഗളൂരു: മാട്രിമോണിയൽ വെബ്സൈറ്റിൽ ഡോക്ടർ ചമഞ്ഞ് സമ്പന്ന വിഭാഗങ്ങളിലെ 15 യുവതികളെ വിവാഹം ചെയ്ത വിരുതനെ കുവെമ്പുനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ബാണശങ്കരിയിലെ കെ.ബി.മഹേഷ്(35) ആണ് ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഹേമലതയുടെ(45) പരാതിയിൽ അറസ്റ്റിലായത്.

വിവാഹാനന്തരം തന്റെ എട്ട് ലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങളും 15 ലക്ഷം രൂപയും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ വർഷം ആഗസ്റ്റ് 22ന് എല്ലു രോഗ വിദഗ്ധനായ ഡോക്ടർ എന്ന് പരിചയപ്പെടുത്തിയാണ് തന്നെ വിവാഹം ചെയ്തതെന്ന് ഹേമലത പറഞ്ഞു. മൈസൂരു ആർ.ടി.നഗർ എസ്.ബി.എം ലേഔട്ടിൽ താമസക്കാരനാണെന്നുമാണ് അവകാശപ്പെട്ടത്. ബംഗളൂരുവിലെ ജ്യൂസ് കടയിൽ പരസ്പരം സംസാരിച്ച് ഫോൺ നമ്പറുകൾ കൈമാറി. ഡിസംബർ 22ന് തന്നെ മൈസൂരുവിലേക്ക് ക്ഷണിച്ച മഹേഷ് ചാമുണ്ഡി കുന്നിൽ കൊണ്ടുപോയി നിശ്ചയം നടത്തി. ഇരുവരും എസ്.ബി.എം ലേ ഔട്ടിലെ വീട്ടിൽ താമസിച്ചു. കഴിഞ്ഞ ജനുവരി 28ന് വിശാഖപട്ടണം ഡോൾഫിൻ ഹൗസിൽ ഇരുവരും വിവാഹിതരായി. മൈസൂരുവിൽ തിരിച്ചെത്തി ഒരു ദിവസം ടൗണിൽ കറങ്ങിയ ശേഷം പുതുതായി തുടങ്ങുന്ന ക്ലിനിക്കിന് വേണ്ടി 70 ലക്ഷം രൂപ വായ്പയെടുക്കാൻ നിർബന്ധിച്ചു. വഴങ്ങാത്തപ്പോൾ ഭീഷണിപ്പെടുത്തി. ഫെബ്രുവരിയിൽ തന്റെ സ്വർണവും പണവും മഹേഷ് മോഷ്ടിച്ചു. ഈ അവസ്ഥയിൽ തന്നെ കാണാൻ വന്ന ദിവ്യ എന്ന യുവതി അവർ മഹേഷിന്റെ ഇരയാണെന്ന് അറിയിച്ചു. ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകി.