09 May 2024 Thursday

ബാലസോർ ട്രെയിൻ അപകടം: എഞ്ചിനീയർ അടക്കം മൂന്ന് പേരെ CBI അറസ്റ്റ് ചെയ്തു

ckmnews


293 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ബാലസോർ ട്രെയിൻ അപകടത്തിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്.


കുറ്റകരമാ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഐപിസി സെക്ഷൻ 304, 201 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ അപകടത്തിലെ ആദ്യത്തെ അറസ്റ്റാണിത്. ട്രാക്ക് സിഗ്നൽ നിലനിർത്തുന്ന രീതിയിലുള്ള ഇവരുടെ നടപടിയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.

ജൂൺ രണ്ടിനായിരുന്നു അപകടം. മൂന്ന് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസിലും കോറോമാണ്ടൽ എക്‌സ്‌പ്രസിലും ആകെ 2,296 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ന്നൈയിലേക്ക് പുറപ്പെട്ട കോറമാണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൗറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കൂട്ടിയിടിച്ചാണ് രാജ്യത്തെ നടുക്കി അപകടം സംഭവിച്ചത്.അപകടത്തിൽ 211 പേർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ബാക്കിയുള്ളവർ ആശുപത്രിയിൽ വെച്ചും ചികിത്സയിലിരിക്കേയുമാണ് മരിച്ചത്.


അപകടത്തെ തുടർന്ന് കഴിഞ്ഞ മാസം 23 ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് അന്ന് സ്ഥലം മാറ്റിയത്.