09 May 2024 Thursday

ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് കോടതി സമൻസ്

ckmnews


ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഡൽഹി റോസ് അവന്യൂ കോടതിയുടെ സമൻസ്. വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമക്കേസിൽ ജൂലൈ 18 ന് ഹാജരാകാൻ നിർദ്ദേശം. പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മതിയായ തെളിവുകളുണ്ടെന്ന് കോടതി. ബ്രിജ്ഭൂഷണ് പുറമെ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറോടും ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


റോസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിംഗ് ജസ്പാലിന്റേതാണ് ഉത്തരവ്. ജൂലൈ 18-നാണ് ഇരുവരോടും ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡബ്ല്യുഎഫ്‌ഐയുടെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു വിനോദ് തോമര്‍. ആരോപണങ്ങളെ തുടര്‍ന്ന് വിനോദിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഏപ്രില്‍ 21-നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പടെ ഏഴ് വനിത ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.


ആറ് തവണ എംപിയായ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഡൽഹി പൊലീസ് ജൂൺ 15 ന് കുറ്റപത്രം സമർപ്പിച്ചിരുന്നു. വലിയ പ്രക്ഷോഭത്തിനും ബഹളത്തിനും ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. പിന്നീട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പിതാവും ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുകയും പുതിയ മൊഴി നല്‍കുകയും ചെയ്തിരുന്നു.