09 May 2024 Thursday

ട്രക്കുകളില്‍ ഇനി എസി നിര്‍ബന്ധം; കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം നല്‍കി

ckmnews


രാജ്യത്ത് ട്രക്ക് ക്യാബിനുകളില്‍ എസി നിര്‍ബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. എന്‍2, എന്‍3 വിഭാഗത്തില്‍പ്പെട്ട ട്രക്കുകളുടെ ക്യാബിനുകളിലാണ് എയര്‍ കണ്ടീഷനിംഗ് സംവിധാനം നിര്‍ബന്ധമാക്കിയിരിക്കുന്നത്.റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു. പുതിയ തീരുമാനം മികച്ച തൊഴില്‍ സാഹചര്യം നിര്‍മ്മിച്ചെടുക്കുന്നതിനുള്ള ചുവടുവയ്പാണെന്ന് അദ്ദേഹം കുറിച്ചു. 2025ഓടെ നിയമം നടപ്പാക്കിലാക്കാനാണ് ലക്ഷ്യം.


പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെയാണ് ഒരു ട്രക്കില്‍ എസി വെക്കുന്നതിനായി വരുന്ന ചെലവായി കണക്കാക്കിയിരിക്കുന്നത്. 2016ലാണ് റോഡ് ഗതാഗത മന്ത്രാലയം ഈ നീക്കം ആദ്യമായി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ട്രക്കുകളുടെ വില കൂടുമെന്ന് പറഞ്ഞ് ചിലര്‍ എതിര്‍ത്തിരുന്നു.


ബുദ്ധിമുട്ടേറിയ തൊഴില്‍ സാഹചര്യങ്ങളും അതിദീര്‍ഘമായ സമയം റോഡില്‍ ചെലവഴിക്കേണ്ടി വരുന്നതും ഡ്രൈവര്‍മാരുടെ ക്ഷീണത്തിനും അതുവഴി അപകടങ്ങള്‍ക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 43-47 ഡിഗ്രി ചൂടില്‍ 12-14 മണിക്കൂര്‍ തുടര്‍ച്ചയായി വാഹനം ഓടിക്കേണ്ടി വരുന്ന ഡ്രൈവര്‍മാര്‍ക്കായി എസി ക്യാബിന്‍ നിര്‍ബന്ധമാക്കാന്‍ താന്‍ മന്ത്രിയായ സമയം മുതല്‍ ശ്രമിക്കുന്നുണ്ടായിരുന്നതായി ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു.