09 May 2024 Thursday

ഏറ്റവും കൂടുതല്‍ കാലം വിചാരണതടവിലായി; നീതി നിഷേധമെന്ന് അബ്ദുള്‍ നാസര്‍ മഅദനി

ckmnews


രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് തന്നെ വിചാരണ തടവുകാരനാക്കുന്നതെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. ആസൂത്രിതമായി തന്നെ കുടുക്കുകയായിരുന്നുവെന്ന് മഅദനി കേരളത്തിലേക്ക് വരുന്നതിന് മുന്‍പായി പ്രതികരിച്ചു.

ഇന്ത്യയില്‍ ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി ഇരിക്കുന്ന ആള്‍ താനാണ്. മാനസികമായി അതിനോട് പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇങ്ങോട്ട് വരുമ്പോള്‍തന്നെ ഉടനൊന്നും തിരിച്ചുപോകാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. കാരണം വളരെ ആസൂത്രിതമായിട്ടാണ് തന്നെ കുടുക്കിയത്. രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് ദീര്‍ഘമായ കാലം വിചാരണതടവുകാരായി വയ്ക്കുകയും ജീവഛവങ്ങളായി കഴിയുമ്പോള്‍ നിരപരാധികളെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയും ചെയ്യുന്നത്. ഇതേ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ പുനര്‍വിചിന്തനം നടത്തണം’. മഅദനി മാധ്യമങ്ങളോട് പറഞ്ഞു.


കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞ തുകയുടെ കാര്യത്തില്‍ ചെറിയ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. വളരെ വിഷമകരമായ ആരോഗ്യ സ്ഥിതിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഏത് സമയവും സ്‌ട്രോക്ക് വന്നേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ട് മാസം കിട്ടിയാല്‍ നാട്ടില്‍ പോയി ചികിത്സ നടത്താമെന്ന് കരുതിയതാണെങ്കിലും അതൊന്നും നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കര്‍ണാടക സര്‍ക്കാര്‍ തനിക്കുവേണ്ടി വഹിക്കേണ്ട പൂര്‍ണ ചിലവിന്റെ കണക്ക് ഇപ്പോള്‍ പറയാനാകില്ല. നാട്ടില്‍ എവിടെയൊക്കെ പോകുന്നുവെന്നെല്ലാം നോക്കി അവസാനമാണ് അതിന്റെ കണക്ക് കൊടുക്കുന്നത്. ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ കൊച്ചിയിലേക്കാണ് പോകുന്നത്. അവിടെ നിന്ന് നേരെ പിതാവിനെ കാണാന്‍ പോകും. മാതാവിന്റെ കബറിടവും സന്ദര്‍ശിക്കും. ഓര്‍മക്കുറവുള്ള പിതാവിനൊപ്പം കുറച്ച് ദിവസം ചെലവഴിക്കണമെന്നും അബ്ദുള്‍ നാസര്‍ മഅദനി പറഞ്ഞു.

12 ദിവസത്തെ സന്ദര്‍ശനത്തിനാണ് കേരളത്തിലേക്ക് വരാന്‍ മഅദനിക്ക് അനുമതി ലഭിച്ചത്. കൊല്ലത്തുള്ള പിതാവിനെ കണ്ട ശേഷം ജൂലൈ ഏഴിനാകും മടക്കം. രോഗബാധിതനായ പിതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രിം കോടതി അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ പാലിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. കര്‍ണാടക പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കണം മഅദനി കേരളത്തിലേക്ക് വരേണ്ടത്. എന്നാല്‍ മഅദനിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ വന്‍ തുക ചിലവാകുമെന്നും ഇത് തങ്ങള്‍ക്ക് താങ്ങാനാകില്ലെന്നുമായിരുന്നു ആദ്യം കര്‍ണാടക പൊലീസ് സ്വീകരിച്ച നിലപാട്. നിബന്ധനകളില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് മഅദനിക്ക് കേരളത്തിലേത്ത് വരാന്‍ സാഹചര്യമൊരുങ്ങുന്നത്.


2008 ജൂലായ് 25 ന് ബംഗളൂരുവില്‍ നടന്ന ഒമ്പത് ബോംബ് സ്ഫോടന പരമ്പരയില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബംഗളൂരു സിറ്റി പൊലീസിന്റെ റിപ്പോര്‍ട്ടനുസരിച്ച്, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് ആരോപിച്ചാണ് മഅദനിയെ കസ്റ്റഡിയിലെടുത്തത്. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് 2014ല്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചത്. എന്നാല്‍ ഏഴ് വര്‍ഷത്തിലേറെയായി മഅദനിയുടെ വിചാരണ ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല.