09 May 2024 Thursday

'പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് രക്ഷിതാക്കളോട് പറയണം'; വിദ്യാർഥികളോട് വിജയ്

ckmnews


രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ ശക്തമാക്കി നടൻ വിജയ് പൊതുവേദിയിൽ. ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് താരം പങ്കെടുത്തത്. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് രക്ഷിതാക്കളോട് പറയണമെന്ന് വിജയ് വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.


ജനങ്ങളുടെ രാഷ്ട്രീയ സാമൂഹിക നിലപാടുകൾ അറിയുന്നതിന് നേരത്തെ ആരാധക സംഘടന വിജയ് മക്കൾ ഇയക്കം സർവ്വേ നടത്തിയിരുന്നു. ഇതോടെയാണ് വിജയുടെ രാഷ്ട്രീയ പ്രവേശനം ചർച്ചയായത്. ചെന്നൈയിൽ വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ താരം പങ്കെടുത്തതോടെ അഭ്യൂഹം കൂടുതൽ ശക്തമാകുകയാണ്.

സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്ലാസുകളിലെ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിലാണ് വിജയ് എത്തിയത്. നാളത്തെ വോട്ടർമാർ നിങ്ങളാണെന്നും പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണമെന്നും വിദ്യാർഥികകളോട് താരം.234 നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും മാതാപിതാക്കളും ആണ് ചടങ്ങിന് എത്തിയത്. വിദ്യാർഥികൾക്ക് വിജയ് ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചു. രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ നടൻ പൊതുവേദിയിലെത്തി രാഷ്ട്രീയം പറഞ്ഞതോടെ സൂചനകളും ശക്തമായി.