09 May 2024 Thursday

വന്ദേ മെട്രോ: നിലമ്പൂർ-മേട്ടുപാളയം ഉൾപ്പടെ 10 റൂട്ടുകൾ കേരളത്തിൽ പരിഗണനയിൽ

ckmnews

വന്ദേ മെട്രോ: നിലമ്പൂർ-മേട്ടുപാളയം ഉൾപ്പടെ 10 റൂട്ടുകൾ കേരളത്തിൽ പരിഗണനയിൽ

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ സർവീസുകൾക്കുശേഷം ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിച്ച് തുടങ്ങുന്ന വന്ദേ മെട്രോ സർവീസുകൾക്കായി കേരളത്തിൽനിന്ന് 10 റൂട്ടുകൾ പരിഗണനയിൽ. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽനിന്ന് അഞ്ച് വീതം റൂട്ടുകളെയാണ് പരിഗണിക്കുന്നത്. ഇതിൽ നിലമ്പൂർ-മേട്ടുപാളയം, കൊല്ലം-തിരുനെൽവേലി റൂട്ടുകളുമുണ്ട്.
വന്ദേ മെട്രോ റൂട്ടുകൾ

എറണാകുളം-കോഴിക്കോട്
കോഴിക്കോട്-പാലക്കാട്
പാലക്കാട്-കോട്ടയം
എറണാകുളം-കോയമ്പത്തൂർ
തിരുവനന്തപുരം-എറണാകുളം
കൊല്ലം-തിരുനെൽവേലി
കൊല്ലം-തൃശൂർ
മംഗളൂരു-കോഴിക്കോട്
നിലമ്പൂർ-മേട്ടുപാളയം
വന്ദേ മെട്രോ ട്രെയിനുകളുടെ ദൂരപരിധി 200 കിലോമീറ്ററാണ്. പാസഞ്ചർ ട്രെയിനുകൾക്കുള്ള എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോ ട്രെയിനുകൾക്ക് ഉണ്ടാകില്ല. ദക്ഷിണ റെയിൽവേയുടെ ശുപാർശ അനുസരിച്ച് വന്ദേ മെട്രോ ട്രെയിനുകൾക്ക് അനുമതി നൽകുന്നത് റെയിൽവേ ബോർഡ്.

പൂർണമായും ശീതികരിച്ച 12 കോച്ചുകളാണ് വന്ദേ മെട്രോ ട്രെയിനിൽ ഉണ്ടാകുക. 130 കിലോമീറ്ററായിരിക്കും വന്ദേ മെട്രോ ട്രെയിനിന് അനുവദിക്കുന്ന പരമാവധി വേഗം. ആദ്യ വന്ദേ മെട്രോ ട്രെയിൻ റേക്ക് ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് നവംബറിൽ പുറത്തിറക്കും.
വന്ദേ ഭാരത് ട്രെയിനുകൾക്ക് മികച്ച പ്രതികരണം ലഭിച്ചതിനെത്തുടർന്നാണ് കേന്ദ്രം വന്ദേ മെട്രോ പദ്ധതി ആരംഭിച്ചത്. യൂറോപ്പിലെ റീജിയണൽ ട്രെയിനുകൾക്ക് സമാനമാണ് ഈ പദ്ധതി. സഞ്ചാരികൾക്ക് ലോകോത്തര യാത്രാനുനുഭവം നൽകുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.