09 May 2024 Thursday

റെയ്ഡുകൾ ഭീഷണിപ്പെടുത്തി വശത്താക്കാൻ; ഡിഎംകെയെ അതിന് കിട്ടില്ലെന്ന് എംകെ സ്റ്റാലിൻ

ckmnews


റെയ്ഡുകൾ ഭീഷണിപ്പെടുത്താൻ വേണ്ടി മാത്രം നടത്തുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച സ്റ്റാലിൻ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും ഇൻകം ടാക്സുമെല്ലാം നടത്തുന്ന റെയ്ഡുകൾ പാർട്ടിയെ ഭീഷണിപ്പെടുത്താൻ വേണ്ടി മാത്രം. ബിജെപി ഭരിയ്ക്കുന്ന ഒരു സംസ്ഥാനത്തും റെയ്ഡില്ല. ഭീഷണിപ്പെടുത്തി ബിജെപിയുടെ വശത്താക്കാനാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു.

ഭീഷണിപ്പെടുത്തി വശത്തിലാക്കുന്നതിന്റെ ഉദാഹരണമാണ് അണ്ണാഡിഎംകെയുടേത്. ജയലളിത മരിച്ച ശേഷം ബിജെപി ഭീഷണിപ്പെടുത്തി അണ്ണാ ഡിഎംകെ വശത്താക്കി. എന്നാൽ ഡിഎംകെയെ അതിന് കിട്ടില്ല. ഭരണത്തിനു വേണ്ടി മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരല്ല ഡിഎംകെ. ആശയത്തിനു വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരാണ്. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.

സെന്തിൽ ബാലാജിയെ കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ അപേക്ഷ കോടതി തള്ളി. ചെന്നൈ സെഷൻസ് കോടതി പ്രിൻസിപ്പൽ ജഡ്ജ് അല്ലിയാണ് അപേക്ഷ തള്ളിയത്. റിമാൻഡ് ചെയ്ത സാഹചര്യത്തിൽ കസ്റ്റഡി അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.


തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ബിനാമി ഇടപാട് കണ്ടെത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വാദിച്ചിരുന്നു. സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട മൂന്നു ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. 25 കോടി രൂപയുടെ ബിനാമി ഇടപാട് കണ്ടെത്തിയതായി ഇഡി കോടതിയെ അറിയിച്ചു. അനുരാധ എന്ന സ്ത്രീ ബാങ്ക് ലോൺ എടുത്ത് 3.75 ഏക്കർ ഭൂമി 40 കോടി രൂപയ്ക്ക് വാങ്ങി. ഈ സ്ഥലം പിന്നീട് 10.88 ലക്ഷം രൂപയ്ക്ക് സെന്തിൽ ബാലാജിയുടെ ബന്ധു ലക്ഷ്മിക്ക് വിറ്റു. ബാങ്ക് ലോൺ അടച്ചു തീർത്തത് ലക്ഷ്മിക്ക് സ്ഥലം കൈമാറുന്നതിന് തൊട്ട് മുന്പെന്നും കണ്ടെത്തൽ. ഇതിനായുള്ള പണം സെന്തിൽ ബാലാജി അനധികൃതമായി സമ്പാദിച്ചതെന്നും ഇഡി കോടതിയിൽ പറഞ്ഞു.