09 May 2024 Thursday

ബ്രിജ് ഭൂഷണെതിരെ പോക്സോ നിലനിൽക്കില്ല; കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്

ckmnews


ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്. ഡൽഹി റോസ് അവന്യു കോടതിയിലാണ് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പോക്സോ കേസ് നിലനിൽക്കില്ല എന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല. പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പരാതിയിൽ എഫ്‌ഐആർ റദ്ദാക്കണമെന്നും ഡൽഹി പൊലീസ് വാദിച്ചു. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഗുസ്തി താരങ്ങൾ അനുവദിച്ച സമയം ഇന്ന് അവസാനിക്കുകയാണ്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് താരങ്ങൾ മറ്റ് സമര പരിപാടികളിലേക്ക് കടക്കാതിരുന്നത്. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പൊലീസിന് ഗുസ്തി താരങ്ങൾ തെളിവുകൾ കൈമാറിയിരുന്നു. ലൈംഗികാരോപണം ഉന്നയിച്ച ആറ് വനിതാ താരങ്ങളിൽ നാലുപേരും തങ്ങളുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ നൽകിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ജൂൺ 15 വരെ സമരം വെച്ചിരുന്നു.