09 May 2024 Thursday

മണിപ്പുര്‍ വീണ്ടും സംഘര്‍ഷഭരിതം: സ്ത്രീയടക്കം 11 പേര്‍ കൊല്ലപ്പെട്ടു; വീടുകള്‍ക്ക് തീയിട്ടു.

ckmnews


ഇംഫാൽ∙ മണിപ്പുരില്‍ വീണ്ടും സംഘർഷം. 24 മണിക്കൂറിനിടെ ഒരു സ്ത്രീ ഉള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടു. 10 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഖമെന്‍ലോക് മേഖലയില്‍ ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിലാണ് 11 പേർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങളിൽ വെടിയേറ്റതിന്റെയും വെട്ടേറ്റതിന്റെയും പരുക്കുകളുണ്ട്. അക്രമികള്‍ വീടുകള്‍ക്കും തീവച്ചു. കലാപത്തിന്റെ മൂന്നാം ഘട്ടമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതിനിടെ, കോണ്‍ഗ്രസ് പ്രതിനിധി സംഘം കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മണിപ്പുർ മുഖ്യമന്ത്രി ബിരേൻസിങ്ങും നേരിട്ടിറങ്ങിയിട്ടും സംസ്ഥാനത്തിലെ സംഘർഷം അടങ്ങാത്തത് ആശങ്കയുണ്ടാക്കുന്നതിനാൽ, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമിത് ഷായുടെയും ബിരേൻസിങ്ങിന്റെയും നേതൃത്വത്തില്‍ നടത്തിയ സമാധാന ശ്രമങ്ങള്‍ പാളിയതോടെയാണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്.