11 May 2024 Saturday

അക്രമം, തീയിടൽ, വെടിവപ്പ്, ബന്ദ്, അഗ്നിപഥിനെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധാഗ്നി; തെക്കേ ഇന്ത്യയിലേക്കും പടരുന്നു

ckmnews

ദില്ലി: പുതിയ സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരായ  പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നു. പ്രതിഷേധത്തിന്‍റെ മൂന്നാം നാൾ പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. ബിഹാറിലും ഉത്തർപ്രദേശിലും ആളിക്കത്തിയ പ്രതിഷേധം ദില്ലിയിലും തെലങ്കാനയിലുമടക്കം കനക്കുകയാണ്. യുപിയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിടുന്ന നിലയിലേക്കായിരുന്നു പ്രതിഷേധം കത്തിയത്. ബിഹാറില്‍ ട്രെയിനുകൾ പ്രതിഷേധക്കാര്‍ കത്തിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍റെയും വീടിന്  നേരെയും ആക്രമണം ഉണ്ടായി. സംസ്ഥാനത്ത് നാളെ ബന്ദിനും ആഹ്വാനമുണ്ട്. തെലങ്കാനയിലാകട്ടെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾ മരണപ്പെട്ടന്ന വാ‍ർത്തകളാണ് പുറത്തുവരുന്നത്.