26 April 2024 Friday

CBSE -ICSE 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി

ckmnews

ദില്ലി: സിബിഎസ്ഇ യും ഐ സി എസ് സി യും പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പൊതുപരീക്ഷ റദ്ദാക്കിയെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് സംസ്ഥാനങ്ങൾ പരീക്ഷ നടത്താനാവില്ലെന്ന് അറിയിച്ചതായി ഹർജിക്കാർ അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ തങ്ങളുടെ തീരുമാനം കോടതിയെ അറിയിച്ചത്.

മഹാരാഷ്ട്ര, ദില്ലി, ഒഡീഷ സംസ്ഥാനങ്ങൾ പരീക്ഷ നടത്താനാവില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു. ജൂലൈ ഒന്ന് മുതൽ 12 വരെ പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇതോടെ പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഇന്ന് കോടതിയിൽ കേന്ദ്രസർക്കാരിനോട് നിലപാട് അറിയിക്കണമെന്ന് നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. ഇതോടെ വിദ്യാർത്ഥികളുടെ ഫലം പ്രഖ്യാപിക്കുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തേണ്ടി വരും.

പരീക്ഷ നടത്തിപ്പ് പ്രായോഗികമല്ലെന്നാണ് സിബിഎസ്ഇയും വിലയിരുത്തിയത്. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനുള്ള സാഹചര്യമില്ലെന്നും സിബിഎസ്ഇ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. പരീക്ഷ റദ്ദാക്കുകയാണെങ്കിൽ ഇതുവരെയുള്ള പരീക്ഷയുടെ ശരാശരി മാർക്ക് അവസാന മാർക്കിന് കണക്കാക്കുക എന്നതടക്കം വിവിധ നിർദ്ദേശങ്ങൾ പരിഗണനയിലുണ്ടെന്നാണ് സൂചന.