26 April 2024 Friday

സംസ്ഥാനത്ത് ബസ് സര്‍വ്വീസുകള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും ; ആദ്യഘട്ടത്തില്‍ അനുമതി ജില്ലക്കകത്തുള്ള സര്‍വ്വീസുകള്‍ക്ക് മാത്രം*

ckmnews

*ബസ് ടിക്കറ്റ് നിരക്ക് പകുതി കൂട്ടി; വര്‍ധന കോവിഡ് കാലത്തേക്ക് മാത്രം*


തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ബസ് സര്‍വ്വീസുകള്‍ പുന:രാരംഭിക്കും. ബുധനാഴ്ച മുതല്‍ ബസ് സര്‍വ്വീസുകള്‍ പുന:രാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വ്വീസുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

നേരത്തെ ജില്ലയ്ക്കകത്ത് ഹ്രസ്വ ദൂര ബസ് സര്‍വ്വീസുകള്‍ പുന:രാരംഭിക്കാന്‍ ആലോചിക്കുന്നതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റെന്നാള്‍ മുതല്‍ ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

അതേസമയം അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ നിലവില്‍ അനുവദിക്കില്ല. ഇത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഹോട്‌സ് പോട്ടുകളില്‍ ബസ് സര്‍വ്വീസിന് അനുവാദമില്ല.

നാലാം ഘട്ട ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തികൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പൊതുഗതാഗതം അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗികമായി പൊതു ഗതാഗതം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് ബസ് ചാര്‍ജ് അമ്പത് ശതമാനം വര്‍ധിപ്പിക്കും. കിലോ മീറ്ററിന് 70 പൈസയുടെ തോതിലാണ് ചാര്‍ജ് ഈടാക്കുന്നത്. അത് 1.10 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ പാതി സീറ്റുകളില്‍ മാത്രമേ ആളുകള്‍ക്ക് യാത്ര ചെയ്യാനാകൂ. ശാരീരിക അകലം പാലിക്കുന്നതിനായി പാതി സീറ്റുകള്‍ ഒഴിച്ചിടണം. അങ്ങനെയേ യാത്ര ചെയ്യാനാകൂ. ജില്ലാ അതിര്‍ത്തിക്കുള്ളിലേ ബസുകള്‍ക്ക് ഓടുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍, ബസ് ഓടിക്കുമ്പോഴുണ്ടാകുന്ന ഭീമമായ നഷ്ടം ഒഴിവാക്കാന്‍ കോവിഡ് ഘട്ടത്തില്‍ ചാര്‍ജ് വര്‍ധന വരുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത് കോവിഡ് ഘട്ടത്തില്‍ മാത്രമുള്ളതാണെന്നും സ്ഥിരമായ ചാര്‍ജ് വര്‍ധനയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍, പരിഷ്‌കരിച്ച ചാര്‍ജിന്റെ പകുതി നല്‍കണം.

ബോട്ട് യാത്രാനിരക്ക് 33 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.