26 April 2024 Friday

സ്‌കൂളുകളിലും വരുന്നു ഒറ്റ, ഇരട്ട പദ്ധതി: ഒരു സമയം ക്ളാസില്‍ പകുതി കുട്ടികള്‍

ckmnews

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയാലും കൊവിഡ് രോഗവ്യാപനം തടയാന്‍ സ്‌കൂളുകളിലും 'ഒറ്റ, ഇരട്ട' അക്ക നിയന്ത്രണം നടപ്പാക്കാന്‍ സാദ്ധ്യത. ക്ളാസുകളില്‍ ഒരു സമയം 50 ശതമാനം കുട്ടികള്‍ മാത്രം. ബാക്കിയുള്ളവര്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം. എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയ മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ അടുത്തയാഴ്ച പ്രഖ്യാപിക്കും.ഒരാഴ്‌ച അല്ലെങ്കില്‍ ഒരു ഷിഫ്‌റ്റില്‍ സ്‌കൂളിലെ പകുതി കുട്ടികളെ വരാന്‍ അനുവദിക്കുകയെന്നതാണ് പ്രധാന നിര്‍ദ്ദേശം. ബാക്കി കുട്ടികളെ അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ളാസുകള്‍ വഴി പഠിപ്പിക്കാമെന്നും എന്‍.സി.ഇ.ആര്‍.ടി ഡയറക്‌ടര്‍ ഋഷികേഷ് സേനാപതി പറഞ്ഞു. വീട്ടിലിരുന്ന് ചെയ്യേണ്ട പഠന പ്രവൃത്തികള്‍ എന്തൊക്കെയെന്നതിന് രൂപം നല്‍കും. ഒന്ന് മുതല്‍ 12വ രെയുള്ള ക്ളാസുകളിലെ പഠനത്തിന് 12 ടിവി ചാനലുകള്‍ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനുള്ള പ്രത്യേക പാഠഭാഗങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കും.


പരീക്ഷകളും ഒന്നിച്ച്‌ നടത്തില്ല.


സുരക്ഷാ അകലം പാലിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ ഒരു വര്‍ഷത്തേക്ക് രാവിലെയുള്ള അസംബ്ളി, കായിക ഇനങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവ ഒഴിവാക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. സ്‌കൂള്‍ ബസുകള്‍, ക്ളാസ് മുറികള്‍ എന്നിവിടങ്ങളിലും സുരക്ഷാ അകലം നിര്‍ബന്ധമാക്കും. സ്‌കൂളുകളിലെ ശൗചാലയങ്ങളുടെ ഉപയോഗത്തിനും നിയന്ത്രങ്ങളുണ്ടാവും