26 April 2024 Friday

കേരളത്തിന്‌ പുറത്തുള്ള മലയാളികള്‍ എത്തി തുടങ്ങി ; ആറ് പ്രവേശന കവാടങ്ങള്‍, വന്‍ ക്രമീകരണങ്ങള്‍

ckmnews

കോവിഡ് 19 ലോക്ഡൗണ്‍ മൂലം നാട്ടില്‍ വരാന്‍ കഴിയാതെ കുടുങ്ങി പോയ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ ഇന്ന് മുതല്‍ നാട്ടില്‍ എത്തും. കേരളത്തിലേക്ക് വരാന്‍ നോര്‍ക്ക വഴി റജിസ്റ്റര്‍ ചെയ്തവരാണ് നാട്ടിലെത്തുക. ഇതിനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി.


ആറ് പ്രവേശന കവാടങ്ങളിലൂടെയാണ് മലയാളികളെ നാട്ടിലേക്ക് കടത്തിവിടുക. ഇതിന് വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തേക്ക് ആളുകളെ കടത്തിവിടുന്നതിന് മുമ്ബ് സ്വീകരിക്കേണ്ട നടപടികളെകുറിച്ച്‌ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍. തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കി കുമളി, പാലക്കാട് വാളയാര്‍, വയനാട് മുത്തങ്ങി, കാസര്‍കോട് മഞ്ചേശ്വരം എന്നി അതിര്‍ത്തികളിലൂടെയാണ് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങി പോയവര്‍ എത്തുക.രാവിലെ ഏഴ് മുതല്‍ വൈകിട്ട് എഴ് മണിവരെയാണ് സംസ്ഥാനത്ത് പ്രവേശിക്കാനുള്ള സമയം. മുത്തങ്ങയില്‍ പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയാകാത്തത് കാരണം നടപടി വൈകുമെന്ന സൂചനയുണ്ട്. ആരോഗ്യ പരിശോധന, വാഹനങ്ങള്‍ അണുമുക്തമാക്കല്‍, തുടങ്ങിയ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ആളുകളെ കടത്തിവിടുക. മടങ്ങിവരാന്‍ ഒന്നര ലക്ഷത്തിലേറെ ആളുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുളളത്.


പാസ് ലഭിച്ചതിന് ശേഷം പുറപ്പെടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. രോഗലക്ഷണമില്ലാത്തവരെ വീടുകളില്‍ ക്വാറന്റൈനിലാക്കും. ഇവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കും. വാഹനങ്ങളില്‍ എത്ര പേര്‍ക്ക് യാത്ര ചെയ്യാമെന്നതിനുള്‍പ്പെടെ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


അഞ്ച് സീറ്റുള്ള വാഹനത്തില്‍ മൂന്നുപേരും ഏഴ് സീറ്റുള്ള വാഹനത്തില്‍ അഞ്ച് പേരും വാനില്‍ പത്തും ബസില്‍ 25 പേരുമാണ് പരമാവധി യാത്രചെയ്യേണ്ടത്. എന്നാല്‍ പല സ്ഥലങ്ങളില്‍നിന്നും നാട്ടിലേക്ക് വരുന്നത് സംബന്ധിച്ച്‌ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും സൂചനയുണ്ട്. വാടകയ്ക്ക് വണ്ടി പിടിച്ചു വന്നാല്‍ ഡ്രൈവര്‍ ക്വാറന്റൈനില്‍ ആകേണ്ടിവരുമോ എന്നത് സംബന്ധിച്ച്‌ ആശയക്കുഴപ്പങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.