26 April 2024 Friday

സ്വര്‍ണം കുതിക്കുന്നു; പവന്‌ 33,800 രൂപ

ckmnews

ലോക്ക്‌ഡൗണിനിടയിലും മിന്നിത്തിളങ്ങി സ്വര്‍ണം. പവന്‌ 200 രൂപ വര്‍ധിച്ച്‌ 33,800 രൂപയിലും ഗ്രാമിന്‌ 4,225 രൂപയിലുമാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയനിലേയും വിലമാറ്റങ്ങളാണു പ്രാദേശിക വിപണികളില്‍ പ്രതിഫലിച്ചത്‌.

കോവിഡ്‌ സൃഷ്‌ടിച്ച അനശ്‌ചിതത്വം ഓഹരി വിപണികളെയും എണ്ണയെയും വേട്ടയാടാന്‍ തുടങ്ങിയതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു ചേക്കേറുകയായിരുന്നു. രാജ്യാന്തര ഫ്യൂച്ചര്‍ വിപണികളില്‍ കഴിഞ്ഞദിവസം എണ്ണവില നെഗറ്റീവിലെത്തിയിരുന്നു. ഏപ്രില്‍ 26നു രാജ്യം അക്ഷയത്രിതീയ ആഘോഷിക്കാനിരിക്കേ ലോക്ക്‌ഡൗണ്‍ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചതായി സ്വര്‍ണക്കച്ചവടക്കാര്‍ വ്യക്‌തമാക്കി.സ്വര്‍ണവില പ്രാദേശിക വിപണികളില്‍ സര്‍വകാല റെക്കോഡിലിരിക്കെയാണ്‌ അക്ഷയത്രിതീയയും ലോക്ക്‌ഡൗണും തിരിച്ചടിയായത്‌. കഴിഞ്ഞ വര്‍ഷം അക്ഷയത്രിതീയയ്‌ക്കു ഗ്രാമിന്‌ 2,945 രൂപയും പവന്‌ 23,560 രൂപയും മാത്രമായിരുന്നു നിരക്ക്‌. ഒരു കൊല്ലത്തിനിടെ പവന്‌ 10240 രൂപയുടെ വര്‍ധനയാണുണ്ടായത്‌.