26 April 2024 Friday

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയാറാണെന്ന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി അഹ്മദ് അല്‍ ബന്ന

ckmnews

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ യു.എ.ഇ തയാറാണെന്ന് ഇന്ത്യയിലെ സ്ഥാനപതി അഹ്മദ് അല്‍ ബന്ന. എല്ലാ പ്രവാസികളെയും അവരുടെ രാജ്യങ്ങളിലെത്തിക്കാന്‍ യു.എ.ഇ തയാറാണെന്നും സ്ഥാനപതി വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.


കൊവിഡ് ബാധയില്ലാത്ത പ്രവാസികളെ സ്വന്തം നിലക്ക് അവരുടെ മാതൃരാജ്യങ്ങളിലേക്ക് അയക്കാന്‍ യു.എ.ഇ ഒരുക്കമാണ്. മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തി ഇവര്‍ക്ക് അസുഖമില്ലെന്ന് സ്ഥിരീകരിക്കും. അസുഖമുള്ളവര്‍ക്ക് യു.എ.ഇയില്‍ തന്നെ ചികിത്സ നല്‍കും. ഇതുസംബന്ധിച്ച്‌ വാക്കാലുള്ള അറിയിപ്പ് മറ്റ് രാജ്യങ്ങളുടെ എംബസികള്‍ക്ക് നല്‍കിക്കഴിഞ്ഞതായും ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി വ്യക്തമാക്കി.

അതേസമയം, യു.എ.ഇ മുന്നോട്ടുവെച്ച നിര്‍ദേശത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിലപാട് അറിയിച്ചിട്ടില്ല. പ്രവാസി ഇന്ത്യക്കാരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാഷ്ട്രത്തലവന്മാരുമായി നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭാഷണങ്ങള്‍ നടത്തിയിരുന്നു. യു.എ.ഇയിലെ പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് കാട്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തു നല്‍കിയിരുന്നു.