27 April 2024 Saturday

തിരൂരില്‍ പോലീസിനെ ഭയന്നോടിയ യുവാവ് മരിച്ച സംഭവം

ckmnews

തിരൂര്‍:ബി.പി അങ്ങാടിക്കടുത്ത കട്ടച്ചിറയില്‍ ഇന്നലെ വൈകീട്ട് പൊലീസിനെ ഭയന്നോടിയ  കട്ടച്ചിറ സ്വദേശി നടുവരമ്പത്ത് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍കരീം പൊലീസ് നടപടിയുണ്ടായ സ്ഥലത്ത് ഇന്നു രാവിലെ പരിശോധന നടത്തി.യുവാക്കള്‍ ഇരുന്ന സ്ഥലവും പൊലീസ് ഓടിച്ച ഭാഗവും സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലവും എസ്.പി പരിശോധിച്ചു. പൊലീസ് നടപടിയെ കുറിച്ച് ജില്ലാ സി ബ്രാഞ്ച് അബ്ദുല്‍ഖാദര്‍ അന്വേഷണം നടത്തുമെന്ന് യു അബ്ദുല്‍കരീം പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു നിരോധനാജ്ഞ ലംഘിച്ചവരെ പിടികൂടാനെത്തിയ പൊലീസിനെ കണ്ട് ഭയന്നോടിയ സുരേഷിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയതായി പൊലീസ് അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘമാവും പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

സുരേഷിന്റെ മൃതദേഹം ഉച്ചക്ക് ശേഷം സംസ്‌കരിക്കും.