26 April 2024 Friday

കൊവിഡ് ചികിത്സയിലായിരുന്ന തിരൂരങ്ങാടി സ്വദേശി റിയാദിൽ മരണപ്പെട്ടു

ckmnews



ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്‌വാന്റെ ഭാര്യ  ഈ അടുത്താണ് നാട്ടിൽ നിന്നും റിയാദിലെത്തിയത്


മലപ്പുറം : കൊറോണ രോഗ ലക്ഷണങ്ങളുമായി അഞ്ചു ദിവസം മുൻപ് റിയാദിലെ സൗദി ജർമ്മൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മലപ്പുറം ജില്ലയിലെ പെരുവള്ളൂരിൽ താമസകാരനായ തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്‌വാൻ (41) ആണ് ശനിയാഴ്ച രാത്രി 9. 30 മരണപ്പെട്ടത്. പനിയും തൊണ്ടവേദനയുമായി സൗദി ജർമ്മൻ ആശുപത്രിയിൽ എത്തിയ സഫ്‌വാന് കൊവിഡ് സ്ഥിരീകരിച്ചത് വെള്ളിയാഴ്ച വൈകുന്നേരമാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്‌വാന്റെ ഭാര്യ പാണഞ്ചേരി ഖമറുന്നീസ ഇക്കഴിഞ്ഞ മാർച്ച് എട്ടിനാണ് നാട്ടിൽ നിന്നും സന്ദർശക വിസയിൽ റിയാദിലെത്തിയത്. കുട്ടികളില്ല. പരേതരായ കെ എൻ പി മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ് സഫ്‌വാൻ. അനീസ്, ഷംസുദ്ദീൻ, അബ്ദുൽ സലാം, ഇല്യാസ്, മുസ്തഫ, റിസ്‌വാൻ (ദുബായ്), ലുഖ്‌മാൻ (ഖുൻഫുദ), സൈഫുന്നിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ എന്നിവർ സഹോദരങ്ങളാണ്. ഭാര്യ ഖമറുന്നിസക്കും സമാനമായ രോഗലക്ഷണങ്ങൾ ഉള്ളതായി അറിഞ്ഞതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ എമർജൻസി സർവീസിൽ അറിയിച്ച് ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സഫ്‌വാന്റെ മരണം സംഭവിച്ചിരിക്കുന്നത്. റിയാദ് ചെമ്മാട് അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു സഫ്‌വാൻ.