27 April 2024 Saturday

പ്രണയം, ചിരി, യുദ്ധം; കാർത്തിക് സുബ്ബരാജിനൊപ്പം ചിത്രം പ്രഖ്യാപിച്ച് സൂര്യ

ckmnews


സൂര്യയും സംവിധായകൻ കാർത്തിക് സുബ്ബരാജും ഒന്നിക്കുന്നു. സൂര്യയുടെ 44-ാം ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. വ്യാഴാഴ്ച അപ്രതീക്ഷിതമായാണ് സൂര്യ പുതിയ ചിത്രം പ്രഖ്യാപിച്ചത്.

തന്റെ പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അദ്ദേഹം പുറത്തിറക്കി.

 സൂര്യ 44 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ലവ്, ലോഫർ, വാർ എന്നതാണ് സിനിമയുടെ ടാ​ഗ് ലൈൻ. പുതിയ തുടക്കം എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സൂര്യ എഴുതിയത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

കാർത്തിക് സുബ്ബരാജും അനൗൺസ്മെന്റ് പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് സൂര്യ 44 നിർമിക്കുന്നത്.

എസ്.ജെ.സൂര്യയും രാഘവാ ലോറൻസും മുഖ്യവേഷങ്ങളിലെത്തിയ ജി​ഗർതണ്ട-2 ആയിരുന്നു കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററിൽ മികച്ച വിജയംനേടിയ സിനിമ ഒ.ടി.ടിയിലെത്തിയപ്പോഴും പ്രേക്ഷകപ്രശംസ നേടിയിരുന്നു. സിവ സംവിധാനം ചെയ്യുന്ന കങ്കുവാ ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.