27 April 2024 Saturday

'അസൂയയോടെയും വേദനയോടെയും സമ്മതിക്കുന്നു; മലയാളം സിനിമാ മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നു';രാജമൗലി

ckmnews



നസ്ലൻ, മമിതാ ബൈജു എന്നിവർ നായികാ നായകന്മാരായ മലയാള ചിത്രം ‘പ്രേമലു’ (Premalu) വമ്പൻ ബോക്സ് ഓഫീസ് കളക്ഷനോടെയാണ് പ്രദർശനം നടന്നത്. ഇതിനു പിന്നാലെ ചിത്രത്തിന്‍റെ തമിഴ് പതിപ്പ് ഉടന്‍ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇതിനിടെ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിൽ ഒരാളായ രാജമൗലി മലയാളം സിനിമകളെയും അഭിനേതാക്കളെയും കുറിച്ചു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഹൈദരാബാദിൽ നടന്ന പ്രേമലുവിൻ്റെ സക്സസ് സെലിബ്രേഷനു ഇടയിലായിരുന്നു രാജമൗലിയുടെ വാക്കുകൾ. മലയാളം സിനിമാ വ്യവസായം മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന കാര്യം ഞാൻ സമ്മതിച്ചു എന്നായിരുന്നു രാജമൗലിയുടെ വാക്കുകൾ.

“മലയാളം സിനിമാ വ്യവസായം മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് അസൂയയോടെയും വേദനയോടെയും ഞാൻ സമ്മതിക്കുന്നു. ഈ ചിത്രത്തിലും അവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്," രാജമൗലി പറഞ്ഞു. മമിത ബൈജുവിനെ സായ് പല്ലവിയുമായും ഗീതാഞ്ജലിയുമായും താരതമ്യം ചെയ്തുകൊണ്ട് ആ തലത്തിൽ ശ്രദ്ധ നേടാൻ സാധ്യതയുണ്ട് മമിതയ്ക്കെന്നും രാജമൗലി വിലയിരുത്തുന്നു.